വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു, അപമാനം ഭയന്ന് യുവതി ജീവനൊടുക്കി
ഹൈദരാബാദ്: വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലുള്ള പകയെത്തുടർന്ന് യുവതിയുടെ ശരീരത്തിൽ ബലമായി എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ച യുവാവിന്റെ ക്രൂരത. ഈ ക്രൂരകൃത്യത്തിൽ മനംനൊന്ത് ഹൈദരാബാദ് സ്വദേശിനിയായ രമണി (24) എന്ന യുവതി ജീവനൊടുക്കി. സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മനോഹറും രമണിയും തമ്മിലുള്ള വിവാഹം ബന്ധുക്കൾ ചേർന്ന് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന വിവരം അറിഞ്ഞതോടെ രമണിയുടെ കുടുംബം ഇയാളോട് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ മനോഹറിനും എച്ച്ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ രമണിയും കുടുംബവും വിവാഹാലോചനയിൽ നിന്ന് പിന്മാറുകയായിരുന്നു.
വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യം തീർക്കാൻ കഴിഞ്ഞ മാർച്ച് 11-നാണ് മനോഹർ രമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് യുവതിയെ ബലമായി കീഴ്പ്പെടുത്തുകയും തന്റെ പക്കൽ കരുതിയിരുന്ന എച്ച്ഐവി ബാധിച്ച രക്തം സിറിഞ്ച് ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുകയുമായിരുന്നു.
തനിക്ക് രോഗം പിടിപെട്ടുവെന്ന അറിവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും രമണിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. അപമാനം ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാതെ വീടിനുള്ളിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. തന്റെ ജീവിതം തകർത്ത മനോഹറിനോടുള്ള അമർഷവും ജീവനൊടുക്കാൻ കാരണമായെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
യുവതിയുടെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മനോഹറിന്റെ ക്രൂരത പുറത്തുവന്നത്. പ്രതിക്കെതിരെ കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. കുറ്റവാളിക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു

Comments
Post a Comment