കോഴിക്കോട്ട് വീണ്ടും പ്രണയച്ചതി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച എൻജിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 19-കാരനായ എൻജിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. ചാത്തമംഗലം ചൂലൂർ സ്വദേശി അഭിനവിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് പ്രതി.
പൊക്കുന്ന് സ്വദേശിനിയായ യുവതിയുമായി പ്രണയം നടിച്ച് അടുപ്പത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ യുവതി ഗർഭിണിയായി.
യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ, വിവാഹവാഗ്ദാനത്തിൽ നിന്നും യുവാവും കുടുംബവും പിന്മാറുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് യുവതി നീതി തേടി പോലീസിനെ സമീപിച്ചത്.
പരാതിയെത്തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയയുടെയും പ്രണയത്തിന്റെയും മറവിൽ നടക്കുന്ന ഇത്തരം ചതിക്കുഴികൾക്കെതിരെ യുവതികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Comments
Post a Comment