പത്താം ക്ലാസുകാരൻ 'ഡോക്ടറായി' നടത്തിയത് മുപ്പതോളം അവയവമാറ്റ ശസ്ത്രക്രിയകൾ
ലക്നൗ: പത്താം ക്ലാസ് യോഗ്യത മാത്രമുള്ള യുവാവ് ഡോക്ടറായി ചമഞ്ഞ് മുപ്പതിലേറെ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹാർദോയ് സ്വദേശി രോഹിത് തിവാരിയെ (34) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
2018 മുതൽ രോഹിത് തിവാരി ഈ മേഖലയിൽ സജീവമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇയാൾക്ക് ശസ്ത്രക്രിയകളുടെ നടപടിക്രമങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ വൻകിട റാക്കറ്റ് രൂപീകരിച്ചത്.
സ്വയം ഡോക്ടറാണെന്ന് പരിചയപ്പെടുത്തി രോഗികളെ കണ്ടെത്തുകയും, മീററ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് ചില ഡോക്ടർമാരുടെ സഹായത്തോടെ വിവിധ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുകയുമായിരുന്നു രീതി. ശസ്ത്രക്രിയകളുടെ ഏകോപനവും പണമിടപാടുകളും നിയന്ത്രിച്ചിരുന്നത് രോഹിത്താണ്.
തട്ടിപ്പ് സംഘത്തിലെ മറ്റ് കണ്ണികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വൈഭവ് മുദ്ഹൽ, ഡോ. അലി, അഫ്സൽ എന്നിവരാണ് സംഘത്തിലെ മറ്റ് പ്രധാനികൾ. ഇവർ ഒളിവിലാണെന്നും വൈകാതെ പിടിയിലാകുമെന്നും കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ എസ്.എം. ഖാസിം അബീദി പറഞ്ഞു.
യാതൊരുവിധ മെഡിക്കൽ വിദ്യാഭ്യാസവുമില്ലാത്ത ഒരാൾ എങ്ങനെ ഇത്രയും കാലം അധികൃതരുടെ കണ്ണുവെട്ടിച്ച് അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി എന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ രോഗികളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ നഗരങ്ങളിലെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

Comments
Post a Comment