ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു, പുലർച്ചെ മരണം; വില്ലനായത് ഹൃദയാഘാതം
സൗദി അറേബ്യയിലെ യാംബുവില്‍ മലപ്പുറം കിഴിശ്ശേരി സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. ആലുംച്ചോട് ആലുംകണ്ടി വീട്ടില്‍ പരേതനായ അഹമ്മദിന്റെ മകന്‍ ഷമീര്‍ ബാബു (44) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി യാംബുവില്‍ സെയില്‍സ് വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷമീര്‍. ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം ഉറങ്ങാന്‍ കിടന്നത്. എന്നാല്‍, പുലര്‍ച്ചെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ കൂടെയുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. മരണവാര്‍ത്ത പ്രവാസ ലോകത്തെയും നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന പ്രിയസുഹൃത്തിന്റെ പെട്ടെന്നുള്ള വിയോഗം കൂടെയുണ്ടായിരുന്നവരില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നാട്ടിലെയും പ്രവാസത്തിലെയും സുഹൃത്തുകൾക്കിടയിൽ ഏറെ സ്നേഹസമ്പന്നനായിരുന്ന ഷമീർ ബാബുവിന്റെ വിയോഗത്തിൽ പ്രവാസലോകം അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Comments
Post a Comment