കൂരാച്ചുണ്ടിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും പഠനക്ലാസും നൽകി
കൂരാച്ചുണ്ട്: വിശ്വാസത്തിന്റെ പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്ന ഹജ്ജ്-ഉംറ തീർത്ഥാടകർക്കായി കൂരാച്ചുണ്ട് മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസും യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു. മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പാലേരി സയ്യിദ് അലി ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാനിർഭരമായ ചട7ങ്ങിൽ മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മാട് അധ്യക്ഷത വഹിച്ചു.
തീർത്ഥാടനത്തിന്റെ കർമ്മവശങ്ങളെക്കുറിച്ചും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും യാസിർ റഹ്മാനി പള്ളിയത്ത് വിശദമായ പരിശീലന ക്ലാസ് നയിച്ചു. പേരാമ്പ്ര അരീബ ടൂർസ് ആൻഡ് ട്രാവൽസിന്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. ഹജ്ജ് യാത്രയ്ക്കായുള്ള മുന്നൊരുക്കങ്ങളും സൗദിയിലെ താമസ-യാത്രാ സൗകര്യങ്ങളും സംബന്ധിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ചടങ്ങിൽ സദർ മുഅല്ലിം മുസ്തഫ ഹൈതമി സ്വാഗതം പറഞ്ഞു. പ്രമുഖ വ്യക്തികളായ മുഹമ്മദ് റാഫി വാഫി, മുഹമ്മദ് നടുക്കുനിയിൽ, അസീസ് ഹാജി വട്ടക്കുനിയിൽ, ഒ.കെ. ഇസ്മായിൽ, പി.പി. മുഹമ്മദ്, സി.കെ. അമ്മദ് ചാത്തോത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിവിധ പ്രായത്തിലുള്ള നിരവധി തീർത്ഥാടകർ പരിപാടിയിൽ പങ്കെടുത്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഹജ്ജിന് പോകുന്നവർക്ക് ആത്മീയമായ കരുത്ത് പകരുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട ഈ സംഗമം.

Comments
Post a Comment