കാട്ടുപോത്തുകൾ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് : കർഷകർ പ്രതിസന്ധിയിൽ
വിലങ്ങാട്: നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട വടക്കേ വായാട് പ്രദേശത്ത് വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. കാട്ടുപോത്തുകൾ കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വന്യമൃഗഭീതി കാരണം സ്വന്തം കൃഷിയിടങ്ങളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ആനയുടെയും കാട്ടുപോത്തിന്റെയും ശല്യം കാരണം റബർ ടാപ്പിംഗ് നടത്താൻ കഴിയാത്തതിനെ തുടർന്ന്, റബർ മരങ്ങൾ മുറിച്ചുമാറ്റി കശുമാവ് കൃഷി തുടങ്ങിയ വട്ടക്കുന്നേൽ സിബി എന്ന കർഷകന്റെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. പുതുതായി വെച്ചുപിടിപ്പിച്ച കശുമാവ് തൈകൾ കാട്ടുപോത്തുകൾ കൂട്ടമായെത്തി ചവിട്ടിയും ഉരച്ചും നശിപ്പിച്ചു. സിബി വട്ടക്കുന്നേൽ, തോമസ് വട്ടക്കുന്നേൽ, സാബു വട്ടക്കുന്നേൽ, ബാബു കുടിപ്പാറ, ജോർജ്ജ് എബ്രഹാം മണിമല, ജോസ് തോക്കനാട്ട് തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് വന്യമൃഗങ്ങൾ സ്ഥിരമായി നാശം വിതയ്ക്കുന്നത്.
സർക്കാർ ഫെൻസിംഗിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗികമായ നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. നേരത്തെ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് നിർമ്മാണത്തിലെ പാകപ്പിഴകൾ കാരണം ഫലപ്രദമായിരുന്നില്ല. കാട് വെട്ടിത്തെളിച്ച് (വിസ്റ്റ ക്ലിയറൻസ്) ശാസ്ത്രീയമായ രീതിയിൽ പുതിയ ഫെൻസിംഗ് നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
സ്ഥലം സന്ദർശിച്ച കിഫ (KIFA) ഭാരവാഹികളായ വിപിൻസ് ഒറ്റപ്ലാക്കൽ, ലോറച്ചൻ കൊച്ചുപറമ്പിൽ, ജിജി ഞാവള്ളിൽ തുടങ്ങിയവർ വനംവകുപ്പിന്റെ നിസംഗതയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം.

Comments
Post a Comment