ആഘോഷങ്ങളേക്കാൾ വലുത് മനുഷ്യത്വം; ആഘോഷങ്ങൾ മാറ്റിവെച്ചു; സമാഹരിച്ച തുക പ്രവീണിന്റെ കുടുംബത്തിന് നൽകാൻ പാറപ്പുറം കമ്മിറ്റിയുടെ കരുതൽ

 


പട്ടാമ്പി: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ദാരുണമായി മരണപ്പെട്ട പട്ടാമ്പി സ്വദേശി അപ്പു എന്ന പ്രവീണിന്റെ വിയോഗത്തിൽ കണ്ണീരിലായി നാട്. പ്രവീണിന്റെ അകാലത്തിലുള്ള വേർപാടിൽ മനംനൊന്ത് പാറപ്പുറം പ്രദേശത്തെ പൂരാഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കമ്മിറ്റി തീരുമാനിച്ചു.

​നാട്ടുകാരുടെ പ്രിയങ്കരനായ ചെറുപ്പക്കാരനായിരുന്നു പ്രവീൺ. വിഷു ആഘോഷങ്ങൾ കഴിഞ്ഞ് വെടിക്കെട്ടുശാലയിലെ ജോലിക്ക് പോകുമ്പോൾ സുഹൃത്തുക്കൾക്ക് നൽകിയ ഉറപ്പ് ഇപ്പോഴും അവരുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. "കാവിലെ താലപ്പൊലിയുടെ തലേന്ന് ഞാൻ എത്തും, നമുക്ക് അടിച്ചുപൊളിക്കാം" എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് പോയ പ്രവീൺ, പിന്നീട് മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായിട്ടാണ്. അപകടത്തിൽ ശരീരമാസകലം പൊള്ളലേറ്റ പ്രവീൺ, ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

​പെട്ടെന്നുണ്ടായ ഈ വേർപാട് പ്രവീണിന്റെ കുടുംബത്തെയും നാട്ടുകാരെയും വലിയൊരു ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അമ്മയും ഭാര്യയും എട്ട് വയസ്സുകാരി മകളും അടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം. പ്രവീണിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പാറപ്പുറം കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്.

​ആഘോഷങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നും ഒരു വിഹിതം പ്രവീണിന്റെ കുടുംബത്തിന് കൈമാറാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച്, ആഘോഷങ്ങൾ മാറ്റിവെച്ച് കൊണ്ട് മാതൃകയാവുകയാണ് ഈ നാട്ടുകാർ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി