വെള്ളത്തിൽ വീണ ചെരുപ്പ് കവർന്നത് ഒൻപതാം ക്ലാസുകാരന്റെ ജീവൻ
നെയ്യാറ്റിന്‍കര: നെയ്യാർ പുഴയിൽ ചെരുപ്പെടുക്കാൻ വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (14) ആണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ തന്റെ മൂന്ന് സുഹൃത്തുക്കളെ കാണാനായി എത്തിയതായിരുന്നു അമിതേഷ്. ഇതിനിടയിൽ അമിതേഷ് ധരിച്ചിരുന്ന ചെരുപ്പിൽ ചെളി പറ്റിയിരുന്നു. ഇത് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഒരു ചെരുപ്പ് വെള്ളത്തിലേക്ക് വീണുപോയി. ഒഴുക്കിൽപ്പെട്ട ചെരുപ്പെടുക്കാനായി അമിതേഷ് ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ചെരുപ്പ് കൈക്കലാക്കി തിരികെ നീന്തിക്കയറുന്നതിനിടെ അമിതേഷ് അപ്രതീക്ഷിതമായി വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അമിതേഷിനെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൂവാർ പോലീസും ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീമും സ്ഥലത്ത് അതിവേഗം തിരച്ചിൽ ആരംഭിച്ചു. രണ്ട് മണിക്കൂറോളം നീണ്ട കഠിനമായ തിരച്ചിലിനൊടുവിൽ, സംഭവസ്ഥലത്തുനിന്നും 50 മീറ്റർ മാറി പുഴയുടെ അടിത്തട്ടിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അമിതേഷ് രാജ്. അപ്രതീക്ഷിതമായ ഈ വിയോഗം ഓലത്താന്നി നിവാസികളെയും സഹപാഠികളെയും വലിയ വേദനയിലാഴ്ത്തിയിരിക്കുകയാണ്

Comments
Post a Comment