പകർച്ചവ്യാധികൾക്ക് ഇനി ‘നോ’; ആരോഗ്യ സുരക്ഷയ്ക്ക് കൂരാച്ചുണ്ടിന്റെ കരുതൽ; മഴക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി കൂരാച്ചുണ്ട്
മഴക്കാലത്തെ വരവേൽക്കാൻ കൂരാച്ചുണ്ട്; ‘ഒരുദിനം, ഒരു വാർഡ്’ ശുചീകരണ യജ്ഞത്തിന് തുടക്കം
കൂരാച്ചുണ്ട്: മഴക്കാലം വന്നെത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം തീർക്കാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സജ്ജമാകുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുദിനം, ഒരു വാർഡ്’ എന്ന ബൃഹത്തായ ശുചീകരണ-ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി.
ഏപ്രിൽ 24 മുതൽ മെയ് 18 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ 14 വാർഡുകളും ഉൾപ്പെടും. വാർഡുതലത്തിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ശുചിത്വ ബോധവൽക്കരണം നടത്തും. ഇതിന്റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളുടെ പരിസരവും അങ്ങാടികളും ശുചീകരിക്കുന്നതിനായി വ്യാപാരി സംഘടനകളുടെ പൂർണ്ണ സഹകരണം ഉറപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആസൂത്രണ യോഗം ചേർന്നു
വാർഡുതല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർ എൻ.കെ കുഞ്ഞമ്മദ്, സെക്രട്ടറി മനിൽകുമാർ കെ. പി, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു എ.എം, ബിനിൽ ബി, ചിത്രലേഖ ബി, ആശാവർക്കർ ജിനി കെ. കെ എന്നിവർ സംസാരിച്ചു.

Comments
Post a Comment