ലഹരിയുടെ കരാളഹസ്തങ്ങൾ; കണ്ണൂരിൽ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ

 


പേരാവൂർ: ലഹരിക്ക് അടിമയായ മകൻ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂർ പേരാവൂർ കൊളക്കാട് താന്നിക്കുന്നിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. കൊളക്കാട് താന്നിക്കുന്ന് മടത്തിപറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

​വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. ബിജെപി മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ. ലഹരിമരുന്നിനും കഞ്ചാവിനും അടിമയായിരുന്നു ക്രിസ്റ്റിയെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി അമ്മയും മകനും തമ്മിൽ നിരന്തരം വാക്കുതർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഇന്നലെ രാത്രിയുണ്ടായ വഴക്കിനിടെ പ്രകോപിതനായ ക്രിസ്റ്റി, കിടപ്പുമുറിയിൽ വെച്ച് കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു.

​   കൃത്യത്തിന് ശേഷം അമ്മയുടെ മൃതദേഹത്തിന് സമീപം കുറച്ചുനേരം ഇരുന്ന ക്രിസ്റ്റി, പിന്നീട് അയൽവാസിയായ യുവാവിനെ വിളിച്ച് ബൈക്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രാമധ്യേയാണ് താൻ അമ്മയെ കൊലപ്പെടുത്തിയ വിവരം ഇയാൾ അയൽവാസിയോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ കേളകം പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.

​സംഭവസമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. വിവാഹിതയായ ഇവരുടെ മകൾ ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. വീട്ടിൽ വഴക്കുകൾ പതിവായതിനാൽ നാട്ടുകാർ ഇതൊരു വലിയ ദുരന്തത്തിൽ കലാശിക്കുമെന്ന് കരുതിയിരുന്നില്ല. അയൽവാസികളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൊലപാതകം.

​കേളകം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി