നൂറ്റാണ്ടിന്റെ ആധാരവുമായി തട്ടിപ്പുകാർ; താമരശ്ശേരിയിൽ 'ഓപ്പറേഷൻ ലാൻഡ്' പൊളിഞ്ഞു
താമരശ്ശേരി: വാടിക്കലിൽ നിയമപരമായി വീടുവെച്ചു താമസിക്കുന്ന കുടുംബത്തിന്റെ ഭൂമിയിൽ അവകാശവാദമുന്നയിച്ച് എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പുള്ള ആധാരത്തിന്റെ പകർപ്പുമായി എത്തിയ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തതോടെ, മർദ്ദനമേറ്റവർ ഒടുവിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അഭയം തേടി. ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവർക്ക് പിന്നിൽ റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം പ്രവർത്തിക്കുന്നതായി സംശയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഭാഗത്തുനിന്ന് മൂന്ന് കാറുകളിലായി പത്തോളം പേർ വാടിക്കലിലെത്തിയത്. തങ്ങളുടെ പഴയ രേഖകൾ പരിശോധിച്ചപ്പോൾ നിലവിൽ വീടുള്ള ഭൂമി നൂറ് വർഷം മുൻപ് തങ്ങളുടെ മുതുമുത്തച്ചന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയെന്നും, ഇത് അളന്നു തിട്ടപ്പെടുത്താൻ വന്നതാണെന്നുമായിരുന്നു സംഘത്തിന്റെ അവകാശവാദം.
എന്നാൽ, 30 ലക്ഷം രൂപ മുടക്കി, നിയമപരമായ എല്ലാ രേഖകളും ശരിയാക്കി വീടുവെച്ച് താമസിക്കുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ അവകാശവാദം അപ്രതീക്ഷിതമായിരുന്നു. സ്ഥലം അളക്കാനായി സംഘം പറമ്പിൽ പ്രവേശിച്ചതും നാട്ടുകാർ സംഘടിച്ചെത്തി. തർക്കം രൂക്ഷമായതോടെ നാട്ടുകാർ ശക്തമായി പ്രതികരിച്ചു. സംഘർഷത്തിനിടെ മർദ്ദനമേറ്റ ചിലർ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയപ്പെട്ട ഇവർ, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു.
ഈ സംഭവത്തിന് പിന്നിൽ ആസൂത്രിതമായ വലിയൊരു തട്ടിപ്പുസംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഇതിന്റെ ബുദ്ധികേന്ദ്രങ്ങൾ. പഴയകാലത്തെ ആധാരങ്ങൾ ആർക്കൈവ്‌സിൽ നിന്നും മറ്റും ശേഖരിച്ച്, നിലവിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയോ, ഭൂമി കൈക്കലാക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി.
ഇത്തരം സംഘങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണെന്ന് പ്രദേശവാസികൾ പറയുന്നു. കാര്യം നടന്നാൽ വൻ തുക പ്രതിഫലമായി ലഭിക്കുമെന്നതിനാൽ ഉദ്യോഗസ്ഥർ ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നിയമനടപടികൾക്കുള്ള മടിയാലും സ്ഥലം നഷ്ടപ്പെടുമെന്ന ഭയത്താലും പലരും പണം നൽകി ഒത്തുതീർപ്പിന് തയ്യാറാകാറുണ്ട്. എന്നാൽ, വാടിക്കലിൽ ഇവർക്ക് നേരിടേണ്ടി വന്നത് നാട്ടുകാരുടെ ശക്തമായ പ്രതിരോധമായിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Comments
Post a Comment