പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു; ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ
കൊച്ചി: സ്വപ്നങ്ങളുടെ നഗരമായ കൊൽക്കത്തയിൽ നിയമപഠനത്തിനായി പോയ എറണാകുളം സ്വദേശിയായ യുവാവിൻ്റെ അപ്രതീക്ഷിത മരണം പാലാരിവട്ടത്തെ വിങ്ങലാകുന്നു. കൊച്ചി കോർപറേഷൻ 33-ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസ് (19) ആണ് കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചത്.
ദേശീയതലത്തിലെ കഠിനമായ ക്ലാറ്റ് (CLAT) പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി, ഏതാനും മാസങ്ങൾക്കു മുമ്പാണ് ജുവൻ കൊൽക്കത്തയിലെ പ്രമുഖ ലോ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എൽ.എൽ.ബി പഠനത്തിനായി ചേർന്നത്. അഭിഭാഷകനാകണമെന്ന വലിയ ആഗ്രഹത്തോടെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജുവൻ്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും കേട്ടത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്കും ജുവൻ വീട്ടുകാരുമായി പതിവുപോലെ സംസാരിച്ചിരുന്നു. ഹോസ്റ്റലിലെ പഠനസൗകര്യങ്ങളിലും കൂട്ടുകാരിലും താൻ അതീവ സന്തുഷ്ടനാണെന്ന് അവൻ വീട്ടുകാരോട് പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര വരെ ഹോസ്റ്റലിലെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ, ഒരു മണിക്കൂറിന് ശേഷം ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെ ജുവനെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലാരിവട്ടം പഴശ്ശി ലൈനിലെ വീട്ടിൽ ജുവൻ്റെ മരണവാർത്ത എത്തിയതോടെ ഒരു നാട് മുഴുവൻ കണ്ണീരിലായി. പ്ലസ്ടുവിന് ശേഷം ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ജുവൻ. ഏക മകൻ്റെ വിയോഗം മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കൊൽക്കത്തയിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വരും ദിവസങ്ങളിൽ കൊച്ചിയിലെത്തിക്കും. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment