കടൽത്തീരത്തെ പാറക്കെട്ടിലെ സെൽഫി മരണക്കെണിയായി; തിരമാലയിൽപ്പെട്ട് യുവാവ് മരിച്ചു
വിഴിഞ്ഞം: ആഴിമല ശിവക്ഷേത്ര ദർശനത്തിനെത്തിയ തീർത്ഥാടകൻ കടൽത്തീരത്ത് സെൽഫിയെടുക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടി സ്വദേശി അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആഴിമല ക്ഷേത്രത്തിന് പിൻവശത്തെ കടൽത്തീരത്തായിരുന്നു അപകടം.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കടൽത്തീരത്തെ പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അനീഷ്. ഈ സമയം അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരമാല അനീഷിനെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പാറക്കെട്ടുകളിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട അനീഷ് നിമിഷങ്ങൾക്കകം കടലിൽ ആണ്ടുപോയി. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഉടൻ തന്നെ കടലിൽ ഇറങ്ങി തിരച്ചിൽ നടത്തി. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇദ്ദേഹത്തെ കണ്ടെത്താനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടൻ തന്നെ കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ നിന്നും അനീഷ് ഉൾപ്പെട്ട തീർത്ഥാടക സംഘം യാത്ര തിരിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലെ ദർശനം പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയോടെയാണ് സംഘം ആഴിമലയിൽ എത്തിയത്. യാത്രയുടെ അവസാന ഘട്ടത്തിൽ നടന്ന ഈ ദാരുണ സംഭവം നാടിനെയും ഒപ്പമുണ്ടായിരുന്നവരെയും കണ്ണീരിലാഴ്ത്തി.
സംഭവം അറിഞ്ഞ് വിഴിഞ്ഞം ലോക്കൽ പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ പാറക്കെട്ടുകളിൽ കയറുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലപ്പോഴും വിനോദസഞ്ചാരികളും തീർത്ഥാടകരും ഇത് അവഗണിക്കുന്നത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Comments
Post a Comment