ക്രൂരതയുടെ അങ്ങേഅറ്റം; വിശന്നു വലഞ്ഞ് സ്വന്തം ഡയപ്പർ പിച്ചിത്തിന്നു, രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

 


    ഇൻഡ്യാന: മാതാപിതാക്കളുടെ കൊടും ക്രൂരതയിൽ രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചു. അമേരിക്കയിലെ ഇൻഡ്യാനയിൽ എറിക് റിച്ചാർഡ് എന്ന കുഞ്ഞാണ് പോഷകാഹാരക്കുറവും പീഡനവും മൂലം മരണപ്പെട്ടത്. വിശപ്പ് സഹിക്കാനാവാതെ കുഞ്ഞ് സ്വന്തം ഡയപ്പർ പിച്ചിത്തിന്നതായും ഇതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കുഞ്ഞിന്റെ വയറ്റിലുണ്ടായിരുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. സംഭവത്തിൽ മാതാപിതാക്കളായ ടവർ റിച്ചാർഡ് ഹെയ് (39), കാതറീൻ കാർട്ടർ (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

​കുഞ്ഞ് വിശന്ന് വലഞ്ഞ് ഡയപ്പർ ഭക്ഷിക്കുന്നത് നോക്കിനിന്ന മാതാപിതാക്കൾ, കുഞ്ഞിന് ആഹാരം നൽകാനോ ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ഡയപ്പർ ഭക്ഷിച്ചതിന് ശേഷം ഏകദേശം 14 മണിക്കൂറോളം കുഞ്ഞ് മരണത്തോട് മല്ലിട്ടു. ഒടുവിൽ മരണം ഉറപ്പാക്കിയ ശേഷമാണ് മാതാപിതാക്കൾ എമർജൻസി സർവീസിനെ വിവരമറിയിച്ചത്. മകൻ അനങ്ങുന്നില്ലെന്നും തലേദിവസം രാത്രി മുതൽ കുഞ്ഞ് ഉറക്കമാണെന്നുമായിരുന്നു ഇവർ പോലീസിനോട് പറഞ്ഞിരുന്നത്.

​രണ്ടു വയസ്സുകാരന് കുറഞ്ഞത് 11 കിലോയെങ്കിലും ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത്, മരിക്കുമ്പോൾ എറിക്കിന്റെ ഭാരം വെറും ആറ് കിലോ മാത്രമായിരുന്നു. ശരീരത്തിലാകമാനം ചെറുജീവികൾ കടിച്ചതിന്റെ പാടുകളും മൃതദേഹത്തിന് നീലയും മഞ്ഞയും നിറവുമായിരുന്നു. എമർജൻസി സർവീസിലുള്ളവർ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

​കുഞ്ഞിനെ പാർപ്പിച്ചിരുന്ന മുറി പാറ്റകളും ഉറുമ്പുകളും നിറഞ്ഞ അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. എന്നാൽ, ഇതിന് വിപരീതമായി മാതാപിതാക്കൾ താമസിച്ചിരുന്ന മുറി തികച്ചും വൃത്തിയുള്ളതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കുഞ്ഞിന് ജീവൻ നിലനിർത്താൻ ആവശ്യമായ ആഹാരം പോലും നൽകാതെ മാതാപിതാക്കൾ കാട്ടിയ വിവേചനം അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചു.

​മരിച്ച എറിക്കിനെ കൂടാതെ ദമ്പതികൾക്ക് മറ്റ് രണ്ട് മക്കൾ കൂടിയുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതിയും അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മനപ്പൂർവ്വമുള്ള നരഹത്യ, ശിശു പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോകമെങ്ങും വലിയ പ്രതിഷേധത്തിനാണ് ഈ സംഭവം കാരണമായിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി