രക്ഷകന്റെ വേഷമിട്ട കാമഭ്രാന്ത്; കായംകുളത്ത് ചോരയൊലിപ്പിച്ചു കിടന്ന പെൺകുട്ടിക്കു നേരെ ക്രൂരത
കായംകുളം: അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ചു റോഡിൽ കിടന്ന പെൺകുട്ടിക്ക് ലഭിക്കേണ്ടത് ആശ്വാസമായിരുന്നു, ഒരു കൈത്താങ്ങായിരുന്നു. എന്നാൽ കായംകുളത്ത് കണ്ടത് മനുഷ്യത്വം മരവിപ്പിക്കുന്ന കാഴ്ചയാണ്. രക്ഷിക്കാനെന്ന വ്യാജേനയെത്തി, വേദനകൊണ്ടു പുളയുന്ന ശരീരത്തിലേക്ക് ലൈംഗിക വൈകൃതത്തിന്റെ കൈകൾ നീട്ടിയ ഒരു ക്രൂരന്റെ കഥയാണിന്ന് കേരളം ചർച്ച ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് കായംകുളത്ത് വെച്ച് യുവതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധനായി എത്തിയത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാദേശിക നേതാവായ സിനിൽ സവാദായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, പരിക്കേറ്റ യുവതിയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
"അപകടത്തിന്റെ ആഘാതത്തിൽ എനിക്ക് പ്രതികരിക്കാൻ പോലുമുള്ള ശേഷിയുണ്ടായിരുന്നില്ല. വേദന കൊണ്ടു പുളയുന്നതിനിടെയാണ് അയാൾ ഇത്തരമൊരു ക്രൂരത ചെയ്തത്," എന്ന് പെൺകുട്ടി വെളിപ്പെടുത്തുമ്പോൾ അത് ഏതൊരു മനുഷ്യന്റെയും ഉള്ളുലയ്ക്കുന്നതാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധിച്ച ഡോക്ടർമാർ പോലും അമ്പരന്നു പോയി. അപകടത്തിൽ ഉണ്ടായ പരിക്കുകൾക്ക് പുറമേ, അതിക്രൂരമായ രീതിയിൽ ശരീരത്തിൽ നഖപ്പാടുകളും മറ്റു മുറിവുകളും കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന്റെ മറവിൽ നടന്ന ക്രൂരമായ ബലാത്സംഗ ശ്രമത്തിന്റെ അടയാളങ്ങളായിരുന്നു അവ. ഇതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിയുന്നത്
കുറ്റാരോപിതനായ സിനിൽ സവാദിനെ സംരക്ഷിക്കാൻ പോലീസും രാഷ്ട്രീയ കേന്ദ്രങ്ങളും ശ്രമിക്കുന്നതായാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം കൃത്യമായ വൈദ്യപരിശോധന നടത്താനോ, രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ വലിയ തുക വാഗ്ദാനം ചെയ്തു സിനിലിന്റെ ആളുകൾ തന്നെ സമീപിച്ചതായി പെൺകുട്ടി പറയുന്നു.പരാതിയുമായി മുന്നോട്ട് പോയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമം നടന്നു.
പോലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ യുവതി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ പദവിയും ഇത്തരം ക്രിമിനലുകൾക്ക് രക്ഷാകവചമാകരുത് എന്ന ഉറച്ച നിലപാടിലാണ് പെൺകുട്ടിയും കുടുംബവും.
ഈ സംഭവം കേരളത്തിലെ രക്ഷാപ്രവർത്തന രംഗത്തെ സന്നദ്ധതയെ പോലും സംശയത്തിന്റെ നിഴലിലാക്കുന്നു. വേദനിക്കുന്നവന്റെ ശരീരത്തിൽ പിച്ചിച്ചീന്താൻ ശ്രമിക്കുന്ന ഇത്തരം "സമാദരണീയരായ" കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.

Comments
Post a Comment