കൂരാച്ചുണ്ടിൽ കുടുംബശ്രീ വിഷുചന്തയ്ക്ക് തുടക്കമായി; പ്രാദേശിക ഉൽപ്പന്നങ്ങളുമായി വിപണി സജീവം
കൂരാച്ചുണ്ട്: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നതിനിടെ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിഷുചന്ത ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വിഷുക്കണി വെള്ളരിയും മറ്റ് പച്ചക്കറികളും ഗുണമേന്മയുള്ള ഹോം ഷോപ്പ് ഉൽപ്പന്നങ്ങളുമാണ് ചന്തയിലെ പ്രധാന ആകർഷണം.
കുടുംബശ്രീ ഓഫീസിന് മുൻപിൽ സജ്ജമാക്കിയ ചന്തയുടെ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്‌സൺ സുനിത ജോബ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ആദ്യവില്പന നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ പച്ചക്കറികൾ ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് മെമ്പർ ജലീൽ കുന്നുംപുറത്ത്, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ സമീറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഞായറാഴ്ച (ഏപ്രിൽ 12) വരെയാണ് വിഷുചന്ത പ്രവർത്തിക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിപണനം വൈകിട്ട് 5 മണി വരെ തുടരും. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന വിഷരഹിത പച്ചക്കറികളും കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ പലഹാരങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
സിഡിഎസ് മെമ്പർമാരായ ഷീജ മാത്യു, സുജാത പവിത്രൻ, സിനി മനോജ്, ശ്രുതി, ലീല ശ്രീധരൻ, ജെസ്സി ജോസഫ്, നിഷ, അനിത ജോൺസൺ, ഉഷ, അഫ്സത്ത്, റസീന, ഗീത ചന്ദ്രൻ തുടങ്ങിയവർ ചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗ്രാമീണ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ എത്തിക്കാനും ലക്ഷ്യമിട്ടാണ് സിഡിഎസ് ഈ ഉദ്യമം സംഘടിപ്പിച്ചിരിക്കുന്നത്.

Comments
Post a Comment