നെഞ്ചുവേദനയുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞു; മടക്കം നെഞ്ചുപൊള്ളിക്കുന്ന വേദനയായി.
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവാസി മലയാളി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം അഞ്ചൽ, കരുകോൺ, പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്‌ദുൽ മാലിക് (48) ആണ് മരിച്ചത്. റിയാദിലെ എക്സിറ്റ് 14-ൽ സ്വകാര്യ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ പതിവ് സമയമായിട്ടും അബ്ദുൽ മാലിക് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേദിവസം രാത്രിയിൽ തനിക്ക് നേരിയ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഉറക്കത്തിനിടയിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: ഷൈല.
മക്കൾ: ഹക്കിം, ഉനൈസ, ബാസിത്.
നിലവിൽ റിയാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Comments
Post a Comment