റീൽസ് ചിത്രീകരിക്കാൻ പോയ യാത്ര അവസാനിച്ചത് മരണത്തിൽ; ചങ്ങാത്തം മരണത്തിലും തോറ്റില്ല;
പന്തളം: ആ കളിചിരികളും സ്വപ്നങ്ങളും ചങ്ങാത്തം മരണത്തിലും തോറ്റില്ലഇനി ഓർമ്മകളുടെ മണ്ണിൽ. ഒന്നാം ക്ലാസിൽ കൈപിടിച്ചു തുടങ്ങിയ ചങ്ങാത്തം മരണത്തിലും വിട്ടുപിരിയാതെ പന്തളം സ്വദേശികളായ രണ്ട് ഉറ്റ സുഹൃത്തുക്കൾ യാത്രയായി. പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം. ഷുക്കൂറിന്റെ മകൻ ജമീൽ അഹമ്മദ് (21), പൂഴിയ്ക്കാട് ദാറുൽ റഹ്മായിൽ ഷാലു കാസിമിൻ്റെ മകൻ അസ്‌ലം ഷലൂ (21) എന്നിവരാണ് വിധി കവർന്ന ആ സുഹൃത്തുക്കൾ.
ജമീൽ അഹമ്മദിന്റെ ജന്മദിനമായിരുന്നു ചൊവ്വാഴ്ച. പ്രിയപ്പെട്ട കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിക്കാൻ അസ്‌ലം നേരത്തെ തന്നെ ജമീലിന്റെ വീട്ടിലെത്തിയിരുന്നു. മറ്റ് സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടും അവർ ആ ദിവസം ആഘോഷമാക്കി. അന്ന് രാത്രി ജമീലിന്റെ വീട്ടിലായിരുന്നു അസ്‌ലം താമസിച്ചിരുന്നത്. റീൽസ് ചിത്രീകരണത്തിൽ ഏറെ താൽപ്പര്യമുണ്ടായിരുന്ന ഇരുവരും, പിറന്നാൾ ദിനത്തിലെ പ്രത്യേക റീൽസ് പകർത്തുന്നതിനായി ബുധനാഴ്ച പുലർച്ചെയാണ് ബൈക്കിൽ ആലപ്പുഴയിലേക്ക് പുറപ്പെട്ടത്.
ബുധനാഴ്ച രാവിലെ എ.സി. റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന അസ്‌ലം ഷലൂ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജമീൽ അഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒന്നാം ക്ലാസ് മുതൽ ഐ.എച്ച്.ആർ.ഡിയിലെ കോളേജ് പഠനം വരെ ഈ സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു. പന്തളത്തെ എല്ലാ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇവർ നാടിന്റെ പ്രിയപ്പെട്ടവരായിരുന്നു. പ്രിയ സുഹൃത്തുക്കളുടെ വിയോഗം പന്തളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കടയ്ക്കാട് മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നേരത്തെ അടക്കം ചെയ്ത അസ്‌ലമിന്റെ ഖബറിന് തൊട്ടടുത്ത് തന്നെ ജമീലിനും ഖബറൊരുക്കി. ജീവിതത്തിലെന്നപോലെ മരണാനന്തരവും അവർ ഇനി ആ മണ്ണിൽ ഒന്നിച്ചുറങ്ങും.

Comments
Post a Comment