സംശയരോഗം തകർത്തത് ഒരു കുടുംബം; സ്‌കൂൾ അങ്കണത്തിൽ അധ്യാപികയായ ഭാര്യയെ വെട്ടിക്കൊന്നു, പിന്നാലെ മകൾക്ക് വിഷം നൽകി ഭർത്താവും മരിച്ചു.
സേലം: പത്ത് വർഷം നീണ്ട ദാമ്പത്യം ഒടുവിൽ മൂന്ന് ജീവനുകൾ കവർന്ന വൻ ദുരന്തത്തിൽ അവസാനിച്ചു. തമിഴ്‌നാട്ടിലെ സേലത്ത് സംശയരോഗത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ അധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ശേഷം ഭർത്താവ് മകൾക്കൊപ്പം ആത്മഹത്യ ചെയ്തു. കമലപുരം സർക്കാർ സ്കൂളിലെ അധ്യാപിക ശ്രീവിദ്യ (32), ഭർത്താവ് വിജയമുരുകൻ (35), ഇവരുടെ മൂന്ന് വയസ്സുകാരിയായ മകൾ അശോക എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കൊലപാതകം അരങ്ങേറിയത്. അറവുശാലയിലെ താത്കാലിക ജീവനക്കാരനായ വിജയമുരുകൻ സ്കൂളിലെത്തി ശ്രീവിദ്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടുകയുമായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ ശ്രീവിദ്യ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് തന്നെ ചോരവാർന്ന് മരിച്ചു.
ഭാര്യയെ വകവരുത്തിയ ശേഷം സ്‌കൂളിലുണ്ടായിരുന്ന മകളെയും എടുത്ത് മതിൽ ചാടി രക്ഷപ്പെട്ട വിജയമുരുകനായി പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ രാത്രിയോടെ സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾക്ക് വിഷം നൽകിയ ശേഷം വിജയമുരുകൻ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ശ്രീവിദ്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് വിജയമുരുകൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ ഒരു മാസം മുൻപ് ശ്രീവിദ്യ പോലീസിൽ പരാതി നൽകുകയും മകളോടൊപ്പം മാറി താമസിക്കുകയുമായിരുന്നു. ഈ വൈരാഗ്യമാണ് സ്കൂളിലെത്തി കൃത്യം നടത്താൻ വിജയമുരുകനെ പ്രേരിപ്പിച്ചത്.
സംഭവത്തിൽ സേലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കുടുംബം മുഴുവനായി ഇല്ലാതായതിന്റെ ഞെട്ടലിലാണ് പ്രദേശം.

Comments
Post a Comment