വാൽപ്പാറ ദുരന്തം: വിങ്ങുന്ന നോവായി പത്താമത്തെ മരണം; നൗഷാദ് അലിയുടെ വിയോഗത്തിൽ കുടുംബത്തിന്റെ പ്രതിഷേധം.

 


കോയമ്പത്തൂർ: വാല്‍പ്പാറ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചത്. ഇതോടെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം പത്തായി. ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

​മരണപ്പെട്ട നൗഷാദ് അലിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ചികിത്സയില്‍ വീഴ്ചയുണ്ടായെന്നും, അത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. രണ്ടു ദിവസമായി നൗഷാദിന്റെ ആരോഗ്യനില വഷളായിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

​നില അതീവ ഗുരുതരമായപ്പോള്‍ വിവരം അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ എത്തിയത് ഒന്നര മണിക്കൂര്‍ വൈകിയാണ്. രോഗിയെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം അധികൃതര്‍ തള്ളിക്കളഞ്ഞു. ചികിത്സാ പിഴവിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടുക്കിയ ദുരന്തം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടത്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), മറ്റൊരു സ്‌കൂളിലെ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഡ്രൈവറുടെ പരിചയക്കുറവ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്

അപകടം സംബന്ധിച്ച് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍, ഡ്രൈവറുടെ പരിചയക്കുറവാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. വാഹനത്തിന് സാങ്കേതിക തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ല. ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതിരുന്നതും, വളവുകളില്‍ വേണ്ടത്ര ജാഗ്രത പാലിക്കാതിരുന്നതും അപകടസാധ്യത വര്‍ധിപ്പിച്ചു. ചുരം പാതയുടെ വശങ്ങളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

​നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പേ, ആശുപത്രി അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി