ഗൈഡ് 'ഔട്ട്', സായിപ്പ് ഷോക്ക്ഡ്! അസമയത്ത് വീട്ടുമുറ്റത്ത് ഒരു ബ്രിട്ടീഷ് സന്ദർശകൻ
കൊല്ലം: ഗൈഡിനെ വിശ്വസിച്ച് നാടുകാണാനിറങ്ങിയ വിദേശിക്ക് ഒടുവിൽ തുണയായത് പോലീസും നാട്ടുകാരും. മദ്യപിച്ച് ലക്കുകെട്ട ഗൈഡ് വഴിയിൽ വീണതോടെ, പാതിരാത്രിയിൽ വഴിമുട്ടിപ്പോയ 19-കാരനായ ബ്രിട്ടീഷ് പൗരൻ സഹായം തേടി എത്തിയത് ഒരു സാധാരണ കുടുംബത്തിന്റെ ഉമ്മറത്ത്. കൊല്ലം മയ്യനാട് ധവളക്കുഴിയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോൺ ഗൈഡിനൊപ്പം പുറത്തിറങ്ങിയത്. എന്നാൽ നഗരത്തിലെയും കൊട്ടിയത്തെയും വിവിധ ബാറുകളിൽ കയറി പൂസായ ഗൈഡ് ഒടുവിൽ മദ്യലഹരിയിൽ ബോധരഹിതനായി വീണു. രാത്രിയുടെ നിശബ്ദതയിൽ, പരിചിതമല്ലാത്ത നാട്ടിൽ എങ്ങോട്ട് പോകണമെന്നറിയാതെ പാട്രിക് പകച്ചുപോയി. താമസിക്കുന്ന ഹോട്ടലിലേക്ക് തിരികെ പോകാൻ വഴി കണ്ടെത്താനാകാതെ മണിക്കൂറുകളോളം യുവാവ് അലഞ്ഞു.
പുലർച്ചെ നാലുമണിയോടെയാണ് മയ്യനാട് ധവളക്കുഴിയിലുള്ള വിഷ്ണുവിന്റെ വീട്ടുവാതിൽക്കൽ ശക്തമായ മുട്ടു കേൾക്കുന്നത്. ഈ അസമയത്ത് ആരാണെന്ന ഭയത്തോടെയാണ് വീട്ടുകാർ വാതിൽ തുറന്നത്. മുന്നിൽ അങ്കലാപ്പോടെ നിൽക്കുന്ന വിദേശ യുവാവിനെ കണ്ട വീട്ടുകാർ ആദ്യം അമ്പരന്നു. ഭാഷാപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും, യുവാവിന്റെ ഭാവത്തിൽ നിന്നും അയാൾ അപകടത്തിലാണെന്ന് വിഷ്ണുവിന് മനസ്സിലായി.
വിഷ്ണു ഉടൻ തന്നെ പ്രദേശത്തെ പഞ്ചായത്ത് മെമ്പറെയും ഇരവിപുരം പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പാട്രിക്കിന്റെ പാസ്‌പോർട്ടും വിസയടക്കമുള്ള രേഖകളും പരിശോധിച്ചു. തുടർന്ന് യുവാവിനെ പോലീസ് വാഹനത്തിൽ സുരക്ഷിതമായി കൊല്ലത്തെ ഹോട്ടലിൽ എത്തിച്ചു. അമിതമായി മദ്യപിച്ച് ലക്കുകെട്ട് വഴിയിൽ വീണ ഗൈഡിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തി.
നാടുകാണാനിറങ്ങി ഒടുവിൽ പാതിരാത്രിയിൽ വഴിതെറ്റി വലഞ്ഞ സായിപ്പിന് കേരളാ പോലീസിന്റെയും നാട്ടുകാരുടെയും കരുതൽ വലിയ ആശ്വാസമായി. ഗൈഡിനെ വിശ്വസിച്ച് ഇറങ്ങിയാൽ വഴിയിലാകുമെന്ന പാഠവുമായാണ് പാട്രിക് ഹോട്ടലിലേക്ക് മടങ്ങിയത്.

Comments
Post a Comment