പെരുവണ്ണാമൂഴിയിൽ ഡാമിലെ തുരുത്തുകൾ കാത്തുനിൽക്കുന്നു, പെരുവണ്ണാമൂഴിയിൽ ബോട്ടിങ് മരീചികയാകുന്നു
പെരുവണ്ണാമൂഴി: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ പെരുവണ്ണാമൂഴി അണക്കെട്ടിൽ വരാനിരിക്കുന്ന അവധിക്കാലത്തും ബോട്ടിങ് സർവീസ് പുനരാരംഭിക്കാൻ കഴിയില്ല. ടൂറിസം സീസൺ ഉച്ചസ്ഥായിലായ ഏപ്രിൽ, മേയ് മാസങ്ങളിൽ അണക്കെട്ടിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾക്ക് ബോട്ടിങ് ഇല്ലാത്തത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ബോട്ടിങ് ഇല്ലാത്തതിനാൽ അണക്കെട്ടിന്റെ സൗന്ദര്യം കണ്ട് മാത്രം മടങ്ങേണ്ട അവസ്ഥയിലാണ് സഞ്ചാരികൾ.
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ബോട്ടിങ്. ബോട്ടിങ് ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി സർവീസ് മുടങ്ങിക്കിടക്കുന്നത് ജലസേചന വിഭാഗത്തിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. 2024-ൽ അതിതീവ്ര മഴയെത്തുടർന്ന് താൽക്കാലികമായി നിർത്തിയ ബോട്ട് സർവീസ് പിന്നീട് പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നാലുവർഷം മുൻപാണ് രണ്ട് സോളാർ ബോട്ടുകൾ സർവീസ് തുടങ്ങിയത്. വരുമാനത്തിന്റെ 25 ശതമാനം ജലസേചന വിഭാഗത്തിനും 57 ശതമാനം ബാങ്കിനും 18 ശതമാനം ജി.എസ്.ടിയുമായാണ് വിഭജിച്ചിരുന്നത്. ബോട്ടിങ് ഫീസായി ഒരാളിൽ നിന്ന് 130 രൂപയാണ് ഈടാക്കിയിരുന്നത്.
ഓരോ വർഷം കൂടുമ്പോഴും ജലസേചന വിഭാഗത്തിന്റെ കണ്ണൂർ സൂപ്രണ്ടിങ് എൻജിനീയറിങ് ഓഫീസിൽ നിന്ന് അനുമതി പുതുക്കണം. 2024 ഓഗസ്റ്റിൽ അനുമതി അവസാനിച്ചപ്പോൾ ബാങ്ക് അപേക്ഷ നൽകിയെങ്കിലും നവംബറിലാണ് ഇത് ലഭിച്ചത്. തുടർന്ന് സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും ബോട്ടിലെ മോട്ടോറിനുണ്ടായ സാങ്കേതിക തകരാർ തിരിച്ചടിയായി. ബോട്ടിങ് മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ നിലവിലെ കരാർ അവസാനിപ്പിക്കാൻ ജലസേചന വിഭാഗം ബാങ്കിന് കത്തുനൽകിയിരുന്നു. സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പെരുവണ്ണാമൂഴിയിൽ 3.13 കോടി രൂപ ചെലവിൽ 2021-ലാണ് ടൂറിസം വികസന പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. 60 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 20 സീറ്റും പത്ത് സീറ്റുമുള്ള രണ്ട് സോളാർ ബോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അണക്കെട്ടിനുള്ളിലെ 13 തുരുത്തുകളിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് വലിയ അനുഭവമായിരുന്നു.
പ്രതിസന്ധികൾ പരിഹരിച്ച് എത്രയും വേഗം ബോട്ടിങ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.

Comments
Post a Comment