ഉമ്മയെ ചേർത്തുപിടിച്ച ആ കൈകൾ വിട്ടു; ഏഴാംമൈലിലെ ചോരപ്പാടായി അംജത്തിന്റെ പുഞ്ചിരി
അടൂർ: കൊല്ലം - പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജംക്ഷനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അടൂർ ഏനാത്ത് മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസ്-സീനത്ത് ദമ്പതികളുടെ മകൻ അംജത് (23) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന മാതാവ് സീനത്തിനെ (48) പരിക്കുകളോടെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിലേക്ക് ഉമ്മയെയും കൂട്ടി ബൈക്കിൽ വരികയായിരുന്നു അംജത്. ഏഴാംമൈൽ ജംക്ഷനിൽ എത്തിയപ്പോൾ മലനട റോഡിൽ നിന്നും അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ അംജത് സഞ്ചരിച്ചിരുന്ന ബൈക്കിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അംജത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽ വീട്ടിൽ ഹരികുമാറിനെ (42) ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മുൻ സൈനികനായ ഇയാൾ നിലവിൽ സർക്കാർ ഉദ്യോഗസ്ഥനാണ്. പി.എസ്.സി പരീക്ഷാ പരിശീലന കാലത്തെ സുഹൃത്തുക്കളെ കണ്ട് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ഇയാൾക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിനും നരഹത്യയ്ക്കും കേസെടുത്തു.
തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ അധികൃതർക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഏഴാംമൈൽ ജംക്ഷനിൽ ഗതാഗത നിയന്ത്രണത്തിന് മതിയായ സിഗ്നൽ സംവിധാനങ്ങളോ ഹമ്പുകളോ ഇല്ലെന്നാണ് പ്രധാന പരാതി. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് തെരുവുവിളക്കുകൾ തെളിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. ശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
മണ്ണടിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച അംജത്തിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. വിദേശത്തുള്ള പിതാവ് ഷാനവാസ് നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും.

Comments
Post a Comment