തൊഴിലിടത്തിൽ തളരാത്ത ജീവൻ; പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
പേരാമ്പ്ര: നിർമ്മാണ പ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്ര പൈതോത്ത് റോഡ് മിനി ബൈപ്പാസ് ജങ്ഷനിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു അപകടം.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സിമന്റ് കട്ട ഉപയോഗിച്ച് മുറി തിരിക്കുന്നതിനായി ചുമർ കെട്ടുന്നതിനിടെയാണ് ഭാസ്കരൻ അബദ്ധത്തിൽ താഴേക്ക് വീണത്. ഉച്ചയ്ക്ക് 12.50-ഓടെയാണ് അപകടം നടന്നത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കല്യാണി അമ്മയാണ് മാതാവ്. നിഷയാണ് ഭാര്യ. അക്ഷയ് ഭാസ്കർ, അഞ്ജലി ഭാസ്കർ എന്നിവരാണ് മക്കൾ.
നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഇടയിൽ ഏറെ സജീവമായിരുന്ന ഭാസ്കരന്റെ അപ്രതീക്ഷിത വിയോഗം പ്രദേശവാസികളെയും സഹപ്രവർത്തകരെയും വലിയ ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്.

Comments
Post a Comment