ഒരു നിമിഷത്തെ അശ്രദ്ധ, പൊലിഞ്ഞത് ഒരു ജീവൻ; ഡയപ്പർ കത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: കുഞ്ഞിന്റെ ഉപയോഗിച്ച ഡയപ്പർ കത്തിക്കുന്നതിനിടെ തീ വസ്ത്രത്തിലേക്ക് പടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയുടെ ഉപയോഗിച്ച ഡയപ്പർ നശിപ്പിച്ചു കളയുന്നതിനായി ജോമോൾ അടുക്കളയിൽ വെച്ച് ഗ്യാസ് സ്റ്റൗവിൽ നിന്നും ഒരു കടലാസിൽ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി തീ ജോമോളുടെ വസ്ത്രത്തിലേക്ക് പെട്ടെന്ന് പടരുകയായിരുന്നു.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ജോമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്ന ജോമോൾ ദിവസങ്ങളോളം തീവ്രപരിചരണത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ഈ അപകടം പനച്ചിപ്പുറം നിവാസികളെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment