രാത്രിയുടെ ഇരുട്ടിൽ വയോധികയെ താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച് സ്വിഫ്റ്റ് കടന്നു കളഞ്ഞു; രക്ഷകരായി തുണയായത് പോലീസും സന്നദ്ധ പ്രവർത്തകരും
താമരശ്ശേരി: അമിതമായ ചർദ്ദിയും അസ്വസ്ഥതയും കാരണം ബസ്സിൽ നിന്നും പുറത്തിറങ്ങിയ പ്രായമായ യാത്രക്കാരിയെയും മകനെയും പാതിവഴിയിൽ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് യാത്ര തുടർന്നു. കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിലാണ് മനുഷ്യത്വമില്ലാത്ത ഈ സംഭവം അരങ്ങേറിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും സമയബന്ധിതമായി ഇടപെട്ടതിനാൽ തളർന്നു വീണ വയോധികയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനായി.
മൈസൂരിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ ത്രേസ്യാമ്മയ്ക്കും മകനുമാണ് ഈ ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ ത്രേസ്യാമ്മയ്ക്ക് കഠിനമായ ചർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസ് വ്യൂ പോയിന്റിൽ നിർത്താൻ തയ്യാറായത്. ഏകദേശം 15 മിനിറ്റോളം ഇവർ ബസ്സിന് പുറത്ത് നിന്നെങ്കിലും, സമയം വൈകുന്നുവെന്നും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞ് ബസ് ജീവനക്കാർ ഇവരെ തിരികെ കയറ്റാൻ തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് പോകേണ്ട ബസ്സായതിനാൽ കൂടുതൽ സമയം കാത്തുനിൽക്കാൻ കഴിയില്ലെന്ന് അറിയിച്ച് ഇവരെ വഴിയിൽ ഉപേക്ഷിച്ച് ബസ് യാത്ര തുടരുകയായിരുന്നു.
തുടർന്ന് തളർന്നുപോയ അമ്മയുമായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന മകനെ കണ്ട് മറ്റു യാത്രക്കാരാണ് ഹൈവേ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ഉടനടി അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ ലത്തീഫ്, സെയ്ൻ എന്നിവരെ വിവരമറിയിച്ചു. ഇവർ ഉടൻ തന്നെ ആംബുലൻസുമായി വ്യൂ പോയിന്റിലെത്തി ത്രേസ്യാമ്മയെയും മകനെയും പുതുപ്പാടി ജനത ഹോസ്പിറ്റലിൽ എത്തിച്ചു.
രാത്രി 12 മണിയോടെ ചുരത്തിലെ കഠിനമായ ബ്ലോക്കിനിടയിലും 50 മിനിറ്റോളം പരിശ്രമിച്ചാണ് ആംബുലൻസ് അടിവാരത്തെത്തിയത്. വലിയ വാഹനങ്ങളുടെ തിരക്കിനിടയിൽ ഹൈവേ പോലീസ് പൈലറ്റ് വാഹനമായി എത്തി ആംബുലൻസിന് വഴിയൊരുക്കിയതോടെയാണ് വേഗത്തിൽ ആശുപത്രിയിൽ എത്താൻ സാധിച്ചത്.
ഒരാൾക്ക് 900 രൂപ നിരക്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത തങ്ങളെ, അസുഖബാധിതയായിട്ടും ആശുപത്രിയിൽ എത്തിക്കാൻ പോലും സഹായിക്കാതെയാണ് ബസ് അധികൃതർ പോയതെന്ന് മകൻ പരാതിപ്പെട്ടു. അടച്ച ടിക്കറ്റ് തുക പോലും മടക്കി നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ഇവർ പറഞ്ഞു. ബസ് ജീവനക്കാരുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Comments
Post a Comment