വിശ്വാസതീക്ഷ്ണതയോടെ കിളികുടുക്കി മലകയറ്റം: പുതുഞായർ ആചരണത്തിന് ഇന്ന് കൊടിയേറും
കല്ലാനോട്: പ്രസിദ്ധമായ കിളികുടുക്കി സെന്റ് തോമസ് തീർത്ഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണത്തിനും കുരിശുമല കയറ്റത്തിനും ഇന്ന് തുടക്കമാകും. തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ദേവാലയത്തിൽ പൂർത്തിയായിരിക്കുന്നത്.
ഇന്ന് വൈകിട്ട് 4:30-ന് കുരിശിന്റെ വഴിയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 5:30-ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ എന്നിവ നടക്കും. വിശുദ്ധ കുർബാനക്കും ലദീഞ്ഞിനും വികാരി ഫാ. ജിനോ ചുണ്ടയിൽ കാർമികത്വം വഹിക്കും.
ശനിയാഴ്ച വൈകിട്ട് 4:30-ന് ജപമാലയും 5:30-ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. കുളിരാമുട്ടി മാർ സ്ലീവ പള്ളി വികാരി ഫാ. തോമസ് കളപ്പുരക്കൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞും കുരിശടിയിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6 മണിക്ക് കുരിശുമല കയറ്റം ആരംഭിക്കും. തീർത്ഥാടകർക്കായി 7 മണിക്ക് കുരിശുമലയിൽ വിശുദ്ധ കുർബാന നടക്കും. 9:30-ന് കുരിശുപള്ളിയിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് COD ഡയറക്ടർ ഫാ. തോമസ് പാറൻകുളങ്ങര കാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം നേർച്ചഭക്ഷണത്തോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.

Comments
Post a Comment