അഖിലേന്ത്യാ റാങ്കിന്റെ തിളക്കം, കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസിൻ്റെ ആദരം; ഡോ. ഹിമ ജോണിന് മഹിളശ്രീ പുരസ്‌കാരം
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ഐ.സി. ഏലിക്കുട്ടി മെമ്മോറിയൽ മഹിളശ്രീ പുരസ്‌കാരം ഡോ. ഹിമ ജോണിന് കൈമാറി. കാസർഗോഡ് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ഡോ. ഹിമയ്ക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പുരസ്‌കാരം സമർപ്പിച്ചു.
കാർഷിക ഗവേഷണ രംഗത്ത് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ് ഡോ. ഹിമ ജോൺ. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നാം റാങ്കോടെ ബിടെക് ബിരുദം നേടിയ ഹിമ, ബാംഗ്ലൂർ ജികെവികെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെയും സ്വര്‍ണമെഡലോടെയുമാണ് എംടെക് പൂർത്തിയാക്കിയത്. തുടർന്ന് ന്യൂഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി.
അഗ്രികൾച്ചറൽ റിസർച്ച് സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ രണ്ടാം റാങ്ക് നേടിയാണ് കേന്ദ്രസർക്കാർ സർവീസിൽ പ്രവേശിച്ചത്. 2020 മുതൽ അഞ്ച് വർഷം ഹരിയാനയിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു. 2025 മുതലാണ് കാസർഗോഡ് സി.പി.സി.ആർ.ഐയിൽ നിയമിതയായത്. ഫുഡ് പ്രോസസ്സിംഗ്, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കൊപ്പം കാർഷിക-സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.
കല്ലാനോട് വെളിയംകുളത്ത് ജോൺ-ഡെയ്‌സി ദമ്പതികളുടെ മകളാണ്. കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ചക്കിട്ടപാറ കൂനംതടത്തിൽ സുബിൻ മാത്യുവാണ് ഭർത്താവ്. മാത്യു ജോസഫ്, രാഹേൽ മരിയ ജോസഫ് എന്നിവരാണ് മക്കൾ.
യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുഡി വൈഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, യൂത്ത് കോൺഗ്രസ് ചക്കിട്ടപ്പാറ മണ്ഡലം പ്രസിഡന്റ് ജെയിൻ ജോൺ, ദീപു കിഴക്കേനകത്ത്, രാഹുൽ രാഘവൻ, മാത്യു കൂനംതടം, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു. നാടിന്റെ അഭിമാനമായ പ്രതിഭകളെ ആദരിക്കുന്നതിലൂടെ വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സിനി ജിനോ പറഞ്ഞു.

Comments
Post a Comment