വിരുന്നെത്തിയ വീട്ടിൽ വിരുന്നുകാരനായി മരണം; ഹാദിയ ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ
കോതമംഗലം: അവധിക്കാലം ആഘോഷിക്കാനും ബന്ധുക്കളെ കാണാനുമായി വിരുന്നെത്തിയ 17 വയസ്സുകാരിക്ക് പാറക്കുളത്തിൽ ദാരുണാന്ത്യം. ആലുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഹാദിയ ഹനാൻ ആണ് ചെറുവട്ടൂരിലെ പാറക്കുളത്തിൽ മുങ്ങിമരിച്ചത്. പ്രവാസിയായ ആലുവ സ്വദേശി നിഷാദിന്റെയും ഖദീജയുടെയും മകളാണ്.
ചെറുവട്ടൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹാദിയ. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മറ്റ് രണ്ട് കുട്ടികൾക്കൊപ്പം സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ ഹാദിയ അപ്രതീക്ഷിതമായി താഴ്ചയിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കടയിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിയെത്തി ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ ഹാദിയ ആഴങ്ങളിലേക്ക് മറഞ്ഞു.
വിവരമറിഞ്ഞ് കോതമംഗലത്തു നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഹാദിയയെ കുളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളും നാട്ടുകാരും നടുക്കത്തോടെയാണ് ഈ വാർത്ത കേട്ടത്.
ആലുവയിൽ നിന്നും സന്തോഷത്തോടെ വിരുന്നിനെത്തിയ ഹാദിയയുടെ വിയോഗം നാടിന് നോവായി മാറി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment