അഞ്ജന ഇനി ഓർമ്മ; പോരാട്ടവീഥികളിലെ ഈ കരുത്തുറ്റ ശബ്ദം ഇനി മൗനം
ഇളമ്പകപ്പിള്ളി: നാടിന്റെയും നാട്ടുകാരുടെയും പ്രിയങ്കരിയായ മകൾ, പോരാട്ടവീഥികളിലെ കരുത്തുറ്റ സാന്നിധ്യം... അഞ്ജന ബിജു ഇനി ഓർമ്മ. കാലടി ചെങ്ങൽ പാലത്തിന് സമീപം പുഴക്കരയിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ജനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധി തട്ടിയെടുക്കുകയായിരുന്നു. ഇരുപത്തിയൊന്നുകാരിയായ അഞ്ജനയുടെ അപ്രതീക്ഷിത വിയോഗം ഇളമ്പകപ്പിള്ളിയെയും സുഹൃത്തുക്കളെയും ഒന്നടങ്കം തീരാദുഃഖത്തിലാഴ്ത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ചരിത്രവിഭാഗം വിദ്യാർത്ഥിനിയായിരുന്ന അഞ്ജന, പഠനത്തോടൊപ്പം തന്നെ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടിന്റെ ഏതു വികസന-ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന അവൾ, ഡി.വൈ.എഫ്.ഐ മുടക്കുഴ മേഖല കമ്മിറ്റി അംഗമായും വനിതാ റെഡ് വോളണ്ടിയർ ക്യാപ്റ്റനായും തന്റെ കഴിവ് തെളിയിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും കർമ്മശേഷിയും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവരുടെയും പ്രിയങ്കരിയായി മാറാൻ അഞ്ജനയ്ക്ക് കഴിഞ്ഞു.
അപ്രതീക്ഷിതമായി നടന്ന ഈ സംഭവം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് കൂട്ടുകാരും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. കോളേജിലും പൊതുരംഗത്തും എന്നും ഊർജ്ജസ്വലയായിരുന്ന അഞ്ജനയുടെ വിയോഗം പ്രദേശത്തിന് തീരാനഷ്ടമാണ്. അഞ്ജനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ജനയുടെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

Comments
Post a Comment