പേരാമ്പ്രയിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണങ്ങളുമായി പോലീസ്
പേരാമ്പ്ര: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിൽ ഏഴിന് നടക്കുന്ന പരസ്യപ്രചരണ സമാപനത്തിന് പേരാമ്പ്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംഘർഷസാധ്യതകൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി പേരാമ്പ്ര ഡി.വൈ.എസ്.പി. ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്
07-04-2026-ന് പ്രചരണം അവസാനിക്കുമ്പോൾ പേരാമ്പ്ര ടൗണിൽ പരമ്പരാഗതമായി നടക്കാറുള്ള കൊട്ടിക്കലാശമോ വലിയ പ്രകടനങ്ങളോ നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. അനൗൺസ്‌മെന്റ് വാഹനങ്ങൾക്ക് പേരാമ്പ്ര ടൗണിൽ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രചരണം നടത്താൻ അനുവാദമുള്ളൂ. അതിനുശേഷം ഇലക്ഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയപരിധി വരെ ഉൾപ്രദേശങ്ങളിൽ പ്രചരണം തുടരാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവിധ പരസ്യപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസിന്റെ കർശന നിരീക്ഷണം മേഖലയിൽ ഉണ്ടാകും. സമാധാനപരമായ രീതിയിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Comments
Post a Comment