വിധിയുടെ ക്രൂരത; കായലിൽ പൊലിഞ്ഞ ജ്യേഷ്ഠന് പിന്നാലെ അനുജനും യാത്രയായി: ബസ് നന്നാക്കുന്നതിനിടെ യുവാവിന് ദാരുണ അന്ത്യം
കോഴിക്കോട്: നഗരത്തെ നടുക്കിയ അപകടത്തിൽ ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനത്തിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻ ഗിരിപ്രകാശ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അശ്വിൻ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ സരോവരം ഗ്രൗണ്ടിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു ഗിരിപ്രകാശും അശ്വിനും. ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം അടിഭാഗത്ത് കിടന്ന് ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ജാക്കി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ വൻഭാരം ഇരുവരുടേയും ശരീരത്തിലേക്ക് പതിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിനെ രക്ഷിക്കാനായില്ല. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അശ്വിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വർഷങ്ങൾക്ക് മുൻപുണ്ടായ മറ്റൊരു ദുരന്തത്തിന്റെ മുറിവുണങ്ങും മുൻപേ പ്രകാശ്-ലതിക ദമ്പതികൾക്ക് രണ്ടാമത്തെ മകനെയും നഷ്ടമായത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരി പ്രകാശ് 2013-ൽ കായംകുളം കായലിൽ കക്കാ വാരുന്നതിനിടെ മുങ്ങി മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ പ്രകാശിന്റെയും വീട്ടമ്മയായ ലതികയുടെയും രണ്ട് ആൺമക്കളും അപകടങ്ങളിൽ മരിച്ചതോടെ തീരാദുഃഖത്തിലായിരിക്കുകയാണ് ഈ കുടുംബം.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment