അധ്വാനം കവർന്ന് സാമൂഹിക വിരുദ്ധർ; കൂരാച്ചുണ്ടിൽ കർഷകന്റെ കണ്ണീർ; വാഴകൾ മോഷ്ടിച്ചു, വേലി തകർത്തു
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കേളോത്തുവയലിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പുരയിടത്തോടു ചേർന്ന കൃഷിഭൂമിയിലെ വാഴകൾ മോഷ്ടിക്കുകയും കൃഷിയിടത്തിന്റെ വേലി നശിപ്പിക്കുകയും ചെയ്തു. കേളോത്തുവയൽ സ്വദേശി സൂപ്പി തെരുവത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് നാശനഷ്ടങ്ങൾ വരുത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിളവെടുപ്പിന് പാകമായ കുലച്ച വാഴകളാണ് സാമൂഹിക വിരുദ്ധർ മുറിച്ചുകടത്തിയത്. ഇതിനു പുറമെ കൃഷിയിടത്തിന് ചുറ്റുമുണ്ടായിരുന്ന സുരക്ഷാ വേലികളും തകർത്തിട്ടുണ്ട്. ഏറെ അധ്വാനിച്ച് വളർത്തിയെടുത്ത കൃഷി നശിപ്പിക്കപ്പെട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്.
രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ പതിവാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഉടമ സൂപ്പി തെരുവത്ത് കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രതികളെ ഉടൻ കണ്ടെത്തണമെന്നും കർഷകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യം ശക്തമാണ്.

Comments
Post a Comment