"അറിഞ്ഞില്ല" എന്ന് പഞ്ചായത്ത്; നിയമങ്ങൾ കാറ്റിൽ പറത്തി ജംഗിൾ പാർക്ക്; പൊലിഞ്ഞത് അഞ്ചുവയസ്സുകാരന്റെ ജീവൻ.

 


കൊച്ചി: കിഴക്കമ്പലത്തെ ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കിടെ അഞ്ചുവയസ്സുകാരൻ ചതുപ്പിൽ വീണ് ദാരുണമായി മരിച്ചു. പാലാരിവട്ടം ‘ബിയോണ്ട് ബോൺ’ പ്രീ സ്കൂളിലെ വിദ്യാർത്ഥിയും കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് നസീറിന്റെ മകനുമായ മുഹമ്മദ് ആദം ആണ് മരണപ്പെട്ടത്. പാർക്ക് അധികൃതരുടെ ഗുരുതരമായ അനാസ്ഥയും സുരക്ഷാവീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ശക്തമായിട്ടുണ്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനായി സ്കൂളിൽ നിന്ന് 25 സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പമാണ് ആദം സംഘമായി പാർക്കിലെത്തിയത്. കുട്ടികൾ പാർക്കിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ അധ്യാപകരുടെ ശ്രദ്ധ മറ്റൊരു കുട്ടിയിലേക്ക് തിരിഞ്ഞ സമയത്താണ് ആദം വഴിതെറ്റിപ്പോയത്. മടക്കയാത്രയ്ക്കായി കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിന് മുന്നോടിയായി എണ്ണമെടുത്തപ്പോഴാണ് ഒരു കുട്ടിയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധ്യാപകരും ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് പാർക്കിന് സമീപത്തെ ചതുപ്പിൽ വീണ നിലയിൽ ആദമിനെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15 ഏക്കറോളം വിസ്തൃതിയുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്ന് സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ വ്യക്തമായി. കുട്ടികൾ കളിക്കുന്ന സ്ഥലത്തിന് ചുറ്റുമതിലോ, സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല. ഓപ്പൺ ജിം തുടങ്ങാനായി മാത്രം അനുമതി വാങ്ങിയ സ്ഥലത്താണ് യാതൊരുവിധ പഞ്ചായത്ത് ലൈസൻസുമില്ലാതെ വൻ വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇത്രയും വലിയൊരു പാർക്ക് തങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന കാര്യം അറിഞ്ഞില്ലെന്ന പഞ്ചായത്ത് അധികൃതരുടെ വിചിത്രമായ വിശദീകരണം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗദി അറേബ്യയിലുള്ള പിതാവ് മുഹമ്മദ് നസീർ നാളെ നാട്ടിലെത്തിയ ശേഷം കോട്ടയത്ത് കബറടക്കം നടക്കും. അപകടത്തിന് ഉത്തരവാദികളായ പാർക്ക് അധികൃതർക്കും, പരിശോധനകൾ നടത്താതെ ഇവർക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി