ഇത് കൂരാച്ചുണ്ടിന്റെ പുതിയ ഉണർവ്! സ്ഥാനാർത്ഥിക്കൊപ്പം നടന്നുകയറി ബാലുശ്ശേരിയുടെ വികസന സ്വപ്നങ്ങൾ
കൂരാച്ചുണ്ട്: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചു ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ വേറിട്ട പ്രചാരണ പരിപാടി. 'നല്ല നാളേക്കായി നമുക്കൊരുമിച്ച് നടക്കാം' എന്ന സന്ദേശവുമായി യുഡിവൈഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്ഥാനാർത്ഥിയോടൊപ്പം പ്രഭാത നടത്തം' ജനശ്രദ്ധയാകർഷിച്ചു.
ചാലിടം മുതൽ കൂരാച്ചുണ്ട് അങ്ങാടി വരെയായിരുന്നു നടത്തം സംഘടിപ്പിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട നടത്തത്തിനിടയിൽ വഴിയോരങ്ങളിൽ കണ്ടുമുട്ടിയവരോടും ഒപ്പം ചേർന്നവരോടും മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് സ്ഥാനാർത്ഥി ചർച്ച ചെയ്തു. വി.ടി. സൂരജിന്റെ ഫോട്ടോ ആലേഖനം ചെയ്ത ടീ ഷർട്ടുകൾ ധരിച്ച നൂറുകണക്കിന് യുവാക്കളും കുട്ടികളും പ്രഭാത നടത്തത്തിന് ആവേശമായി അണിനിരന്നു. മുതിർന്ന യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം ചുവടുവെച്ചു.
കൂരാച്ചുണ്ട് അങ്ങാടിയിലെത്തിയ സ്ഥാനാർത്ഥി വ്യാപാരികളെയും തൊഴിലാളികളെയും യാത്രക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. പ്രഭാത നടത്തത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ. ഷക്കീർ നിർവ്വഹിച്ചു. യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി.
യുഡിവൈഎഫ് കൺവീനർ ജെംസിൽ പുഴക്കലിടത്തിൽ, നിസാം കക്കയം, ആസിഫ് സഹീർ, ഷാരോൺ ചാലിക്കോട്ടയിൽ, ഷാഫി നെയ്തല, ജെറിൻ കുര്യാക്കോസ്, ഷാഫി.ഒ.കെ, അഭിനവ് ബാവോസ്, റിഷാൽ.ഒ.കെ, രാഹുൽ രാഘവൻ, അനീഷ് മറ്റത്തിൽ, സിറാജ് പാറച്ചാലിൽ, ആൻമരിയ ബിജു, ജ്യോതിഷ് രാരപ്പൻകണ്ടി, ദീപു കിഴക്കേനകത്ത്, സാജിത ചീനിക്കൽ, റിജാസ് റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. സാധാരണക്കാർക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെന്നുള്ള സ്ഥാനാർത്ഥിയുടെ ഈ പ്രചാരണ ശൈലി മണ്ഡലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Comments
Post a Comment