അടുക്കളപ്പണി കഴിഞ്ഞേ അക്ഷരമുറ്റത്തേക്ക് അനുവാദമുള്ളൂ; പ്ലസ് ടു വിദ്യാർഥിനിയുടെ സ്വപ്നങ്ങൾ എലിവിഷത്തിൽ എരിഞ്ഞടങ്ങി

 


ആലത്തൂർ: ഭർതൃഗൃഹത്തിൽ വെച്ച് എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി മരണത്തിന് കീഴടങ്ങി. കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് ഹനീഫയുടെ മകളും ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്‌മാന്റെ ഭാര്യയുമായ അസ്‌ന (20) ആണ് മരിച്ചത്. ആലത്തൂർ ഗവ. ഗേൾസ് സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ്.

​കഴിഞ്ഞ ഏപ്രിൽ 20-നായിരുന്നു അസ്‌നയും അബ്ദുൽ റഹ്‌മാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം പഠനം തുടരാൻ അനുവദിച്ചെങ്കിലും ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിലെ മുഴുവൻ ജോലികളും തീർത്തതിനുശേഷം മാത്രമേ സ്കൂളിൽ പോകാൻ പാടുള്ളൂ എന്ന് ഭർത്താവിന്റെ മാതാവ് കർശന നിർദ്ദേശം നൽകിയിരുന്നതായും ഇത് അസ്‌നയെ വലിയ രീതിയിൽ മാനസികമായി തളർത്തിയിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്‌നയെ ആദ്യം ആലത്തൂരിലെയും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.

സംഭവത്തിൽ ആലത്തൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അസ്‌നയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി