നാടിന്റെ സ്നേഹം വിമാനമേറുന്നു; റാങ്കിൻ മടങ്ങുന്നു മാതാപിതാക്കളുടെ അരികിലേക്ക്; അപകടം കവർന്ന സ്വപ്നങ്ങൾക്കിടെ ആശ്വാസതീരം
പഠനത്തിനിടെയുള്ള ജോലിക്കിടയില്‍ സംഭവിച്ച അപകടത്തില്‍ കിടപ്പിലായ കൊല്ലം സ്വദേശി റാങ്കിന്‍ മാത്യുവിനെ നാട്ടിലെത്തിക്കാനുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ശ്രമത്തിലൂടെ സമാഹരിച്ചത് 14,000 പൗണ്ടാണ്. മറ്റന്നാള്‍ ബുധനാഴ്ച റാങ്കിന്‍ മാത്യു നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ 12,000 പൗണ്ട് ഇന്നലെ കൈമാറിയിട്ടുണ്ട്. ബാക്കി 2000 പൗണ്ട് ഗിഫ്റ്റ് ക്ലെയിമും മറ്റും ലഭിച്ചു കിട്ടുന്ന മുറയ്ക്കായിരിക്കും നല്‍കുവാന്‍ സാധിക്കുക. റാങ്കിന്‍ മാത്യുവിന്റെ കണ്ണീരിനൊപ്പം നിന്ന യുകെ മലയാളികള്‍ 10,051 പൗണ്ടാണ് കൈന്‍ഡ് ലിങ്ക് വഴി നല്‍കിയത്. ബാങ്ക് വഴി ലഭിച്ചത് 1670 പൗണ്ടാണ്. ഇത് കൂടാതെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരുക്കിയ ഗാലാ നൈറ്റില്‍ ഒരുക്കിയ റാഫില്‍ ടിക്കറ്റിലൂടെ കിട്ടിയ 948. 64 പൗണ്ടും ജനറല്‍ ഫണ്ടില്‍ നിന്നും എടുത്ത 11.36 പൗണ്ടും ചേര്‍ത്താണ് തുക 14,000 പൗണ്ടിലേക്ക് എത്തിയത്.
അതേസമയം, മറ്റന്നാള്‍ ബുധനാഴ്ച വീല്‍ച്ചെയര്‍ അടക്കമുള്ള സൗകര്യത്തോടെയായിരിക്കും റാങ്കിന്‍ മാത്യു നാട്ടിലേക്ക് തിരിച്ചെത്തുക. അവിടെ എത്തിയ ശേഷം ബാങ്കിലുള്ള 15 ലക്ഷത്തോളം വരുന്ന ബാധ്യത ചികിത്സ പുനരാരംഭിക്കുവാനുമാണ് പ്രഥമ പരിഗണന നല്‍കുക. ആശുപത്രിക്കിടക്കയില്‍ കഴിയുന്ന റാങ്കിനെ തിരികെ നാട്ടിലേക്ക് എത്തിക്കാനും 15 ലക്ഷത്തോളം രൂപ കടമെടുത്ത് പഠിക്കാനെത്തിയ യുവാവിന്റെ ബാധ്യതയ്ക്ക് ചെറിയൊരു പരിഹാരമെങ്കിലും കാണുവാനും ആരംഭിച്ച അപ്പീലിനോട് മികച്ച രീതിയില്‍ ആണ് യുകെ മലയാളികള്‍ പ്രതികരിച്ചത്. കവന്‍ട്രി കലവറ സ്റ്റോറും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ജഗദീശ് നായരും ചേര്‍ന്ന് 200 കിലോ അരിയാണ് ചാരിറ്റി ഗാലാ നൈറ്റില്‍ ഒരുക്കിയ സ്റ്റാളിലേക്ക് സംഭാവന നല്‍കിയത്. കടയുടമ ജോണ്‍സണ്‍ യോഹന്നാന്‍ മുന്‍പ് മുതുകാട് ചാരിറ്റി വാക്ക് നടത്തിയപ്പോള്‍ കവന്‍ട്രിയില്‍ നടന്ന ഫണ്ട് ശേഖരണത്തിനായി എഗ്ഗ് പഫ്‌സ് വില്‍പന നടത്തിയപ്പോഴും കൂടെ നിന്നിരുന്നു.
യുദ്ധ സാഹചര്യത്തില്‍ അരി വരവ് കുറയാനിടയുള്ള സാഹചര്യത്തിലും കടയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന 100 കിലോ അരി സംഭാവന ചെയ്യാന്‍ തയ്യാറായത് റാങ്കിന്‍ മാത്യു എന്ന യുവാവ് നാട്ടില്‍ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് കട ബാധ്യത എങ്കിലും ഇല്ലാതെ എത്തട്ടെ എന്ന ചിന്തയോടെയാണ്. പീറ്റര്‍ബറോ സ്‌പൈസസ് വേള്‍ഡില്‍ നിന്നും 10 കിലോ മട്ട അരിയും ഒരു ഫ്രൈയിംഗ് പാനും നല്‍കിയതിനൊപ്പം ഈ സ്ഥാപനത്തിലെ ജീവനക്കാരിയായ ലിബി പി ബി 10 കിലോ അരി കൂടി തന്റെ സംഭാവനയായി നല്‍കി. പീറ്റര്‍ബറോയിലെ ഗ്ലോബല്‍ ഫ്‌ളേവേഴ്‌സ് ഇഡ്ഡലി മേക്കറും നല്‍കിയിരുന്നു.റോയല്‍ ഡെര്‍ബി എന്‍എച്ച്എസ് ആശുപത്രിയിലെ ഐസിയുവില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും 500 പൗണ്ട് റാങ്കിനായി ചടങ്ങില്‍ വച്ച് കൈമാറുകയുണ്ടായി.
അന്വേഷണത്തിനിടയില്‍ ഒരു ജോലിയും തരപ്പെട്ടു കിട്ടിയത്. കിട്ടിയ കാറുകള്‍ പൊളിച്ചു വില്‍ക്കുന്ന വെയര്‍ഹൗസിലായിരുന്നു ജോലി. ലണ്ടന്‍ ജീവിതം പതുക്കെ സമാധാനത്തിലേക്ക് പോവുകയാണെന്ന ആശ്വാസമായിരുന്നു റാങ്കിന് പിന്നീട്. എന്നാല്‍ വിധി എല്ലാത്തിനും വിപരീതമായാണ് പ്രവര്‍ത്തിച്ചത്. ജോലിക്കിടെ ഉണ്ടായ മാരകമായ അപകടത്തില്‍ നട്ടെല്ലിനും കാലിനും പരിക്കുപറ്റിയ റാങ്കിന്‍ ഇപ്പോള്‍ കിടപ്പിലാണ്. ഈ നീണ്ട ആശുപത്രിവാസത്തിനിടയില്‍ സ്വപ്നമായി കണ്ടിരുന്ന പഠനവും മുടങ്ങുകയായിരുന്നു.
നാട്ടില്‍നിന്നും വീടും സ്ഥലവും പണയപ്പെടുത്തി 15 ലക്ഷം രൂപ ലോണെടുത്താണ് ഇദ്ദേഹം യുകെയില്‍ എത്തിയത്. യൂണിവേഴ്‌സിറ്റിയില്‍ അടച്ച ഫീസ് തിരികെ കിട്ടാന്‍ വഴിയില്ല, ഒപ്പം സ്‌ക്രാപ്പ് യാര്‍ഡിലെ ജോലി ക്യാഷ്വല്‍ ജോബ് ആയിരുന്നതിനാല്‍ അവരും സഹായിക്കില്ല. നാട്ടില്‍ രോഗികളായ മാതാപിതാക്കള്‍ മാത്രമാണ് റാങ്കിന് ഉള്ളത്. അങ്ങനെ എല്ലാ സാഹചര്യങ്ങള്‍ക്കൊണ്ടും യുകെ ജീവിതവും പഠനവും വഴിമുട്ടിയ റാങ്കിന്‍ നാട്ടില്‍ തിരികെയെത്തി റീഹാബിലിറ്റേഷന്‍ ചികിത്സകള്‍ നടത്താനും ബാങ്കിലെ കടം വീട്ടാനുമാണ് യുകെ മലയാളികളുടെ സഹായം തേടിയത്.

Comments
Post a Comment