പേരാമ്പ്ര ചെറുവണ്ണൂരിൽ മതപഠന വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം: രണ്ടുപേർ ആശുപത്രിയിൽ
പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടിത്താഴെയിൽ മതപഠന വിദ്യാർത്ഥികൾക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി മുഹമ്മദ് ഷാമിൽ (16), പുനൂർ സ്വദേശി ഉനൈസ് (16) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. തങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ ക്യാമ്പസ് പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഒട്ടിക്കാൻ പോയതായിരുന്നു വിദ്യാർത്ഥികൾ. ഈ സമയത്ത് സ്ഥലത്തെത്തിയ നാട്ടുകാരായ സന്തോഷ്, സുരേഷ് എന്നിവർ തങ്ങളെ തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മർദനമേറ്റ ഇവർ ഓടി സമീപത്തെ കടയിൽ അഭയം തേടിയതിനാലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
ആദ്യഘട്ടത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിൽ വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുനീർ എരവത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതിൽ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും വിഷയം ചർച്ച ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Comments
Post a Comment