മൂന്ന് വർഷം കാത്തിരുന്ന സത്യസന്ധത; മാലിദ്വീപ്സ്വ ദേശിനിക്ക് നഷ്ടപ്പെട്ട മാല ചക്കയോടൊപ്പം തിരികെ നൽകി ഓട്ടോ ഡ്രൈവർ
ചേരാനല്ലൂർ: കാത്തിരിപ്പിനും സത്യസന്ധതയ്ക്കും സ്വർണ്ണത്തേക്കാൾ തിളക്കമുണ്ടെന്ന് തെളിയിക്കുകയാണ് എറണാകുളം ചേരാനല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ജസീർ. മൂന്ന് വർഷം മുൻപ് തന്റെ വാഹനത്തിൽ വെച്ച് നഷ്ടപ്പെട്ട സ്വർണ്ണമാല, ഉടമസ്ഥരെ തേടിപ്പിടിച്ച് തിരികെ നൽകി ജസീർ നാടിന്റെ അഭിമാനമായി മാറി.
2023-ലാണ് മകന്റെ രക്താർബുദ ചികിത്സയ്ക്കായി മാലിദ്വീപ് സ്വദേശിനിയായ ആയിഷത്ത് സുസാനയും കുടുംബവും കൊച്ചിയിലെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രകൾക്കായി അവർ സ്ഥിരമായി ആശ്രയിച്ചിരുന്നത് ജസീറിന്റെ ഓട്ടോയായിരുന്നു. ഒരു യാത്രയ്ക്കിടെ സുസാനയുടെ കുഞ്ഞിന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ഏറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. നിരാശയോടെ ചികിത്സ കഴിഞ്ഞ് ആ കുടുംബം മാലദ്വീപിലേക്ക് മടങ്ങുകയും ചെയ്തു.
മാസങ്ങൾക്ക് ശേഷം വാഹനം അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിൽ കയറ്റിയപ്പോഴാണ് സ്റ്റെപ്പിനിയുടെ അരികിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മാല ജസീറിന്റെ ശ്രദ്ധയിൽപ്പെട്ടത്. മാല കിട്ടിയെങ്കിലും സുസാനയുടെ വിലാസമോ ഫോൺ നമ്പറോ കൈവശമില്ലാതിരുന്നതിനാൽ ജസീർ അത് സുരക്ഷിതമായി എടുത്തു വെച്ചു. എന്നെങ്കിലും അവർ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ നീണ്ട മൂന്ന് വർഷമാണ് ജസീർ ആ അന്യന്റെ മുതൽ കാത്തുസൂക്ഷിച്ചത്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജസീറിന്റെ ഫോണിലേക്ക് ആ വിളി എത്തി. "ഹലോ ജസീർ, ഞങ്ങൾ കൊച്ചിയിലുണ്ട്, ഒരു ഉപകാരം ചെയ്യണം. ഞങ്ങൾക്ക് ഒരു ചക്ക വേണമായിരുന്നു, എത്തിച്ചു തരാൻ പറ്റുമോ?". സുസാനയുടെ വാക്കുകൾ കേട്ട ജസീറിന് സന്തോഷം അടക്കാനായില്ല. ഒട്ടും വൈകാതെ ഒരു ചക്കയുമായി ജസീർ അവർ താമസിക്കുന്ന സ്ഥലത്തെത്തി. ചക്കയോടൊപ്പം തന്റെ കൈവശം മൂന്ന് വർഷമായി ഭദ്രമായിരുന്ന ആ സ്വർണ്ണമാലയും ജസീർ അവർക്ക് നീട്ടി.
നഷ്ടപ്പെട്ടെന്ന് കരുതിയ മാല വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി കൈകളിൽ എത്തിയപ്പോൾ സുസാനയും കുടുംബവും അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. നന്ദി പറയാൻ പോലും വാക്കുകളില്ലാതെ അവർ വിതുമ്പി. ജസീറിന് പ്രതിഫലം നൽകാൻ അവർ തയ്യാറായെങ്കിലും "എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം" എന്ന് സ്നേഹപൂർവ്വം പറഞ്ഞ് ജസീർ അത് നിരസിച്ചു. പിന്നീട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ഔദ്യോഗികമായി മാല ഉടമസ്ഥർക്ക് കൈമാറി.
കഴിഞ്ഞ 18 വർഷമായി ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ജസീർ ഇതിന് മുൻപും യാത്രക്കാർ മറന്നുവെച്ച വിലപ്പെട്ട സാധനങ്ങൾ തിരികെ നൽകി മാതൃകയായിട്ടുണ്ട്. സ്വാർത്ഥതയുടെ ഈ കാലത്ത് ജസീറിനെപ്പോലെയുള്ള മനുഷ്യരാണ് സമൂഹത്തിന്റെ വെളിച്ചമെന്ന് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നു.

Comments
Post a Comment