വന്യമൃഗശല്യം: മുതുകാടിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സിപിഐഎം സമരമുഖത്ത്
ചക്കിട്ടപാറ: മുതുകാടിലെ വന്യജീവി ആക്രമണങ്ങൾക്കെതിരെ തദ്ദേശ ഭരണാധികാരികളും വനംവകുപ്പും കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ സിപിഐഎം മുതുകാട് ലോക്കൽ കമ്മിറ്റി രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി.
മുതുകാട് നാലാം ബ്ലോക്കിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി ഫെൻസിങ് നിർമാണം വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നുവെങ്കിലും, ഇക്കാര്യത്തിൽ അലംഭാവമാണ് കാണിക്കുന്നത്. ഫെൻസിങ് നിർമാണം വേഗത്തിലാക്കാൻ സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും, തുടർനടപടികൾക്കായി 2026 ഏപ്രിൽ 20-ന് വിപുലമായ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, വനംവകുപ്പ് അധികൃതർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേർക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് തയ്യാറായില്ലെന്ന് എൽഡിഎഫ് ആരോപിച്ചു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പും തദ്ദേശ ഭരണകൂടവും കാണിക്കുന്ന ഈ നിരുത്തരവാദിത്തപരമായ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം മുതുകാട് ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി. അടിയന്തരമായി ഫെൻസിങ് പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. യോഗത്തിൽ കെ. സുനിൽ, സി.കെ. ശശി, പി.സി. സുരാജൻ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment