പാതിരാത്രിയിലെ കരുതൽ: പെൺകുട്ടിക്ക് കാവലായി കെഎസ്ആർടിസി; 'ആനവണ്ടി'യായത് 'അമ്മവണ്ടി'




 ആലപ്പുഴ: പാതിരാത്രിയുടെ നിശബ്ദതയിൽ, വിജനമായ വഴിയിൽ തനിച്ചായ പെൺകുട്ടിക്ക് അഭയമായി കെഎസ്ആർടിസി ബസ്. കോഴിക്കോട് - പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും കാണിച്ച മാതൃകാപരമായ കരുതൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 'ആനവണ്ടി' എന്ന വിളിപ്പേര് 'അമ്മവണ്ടി' എന്നതിലേക്ക് മാറിയ മുഹൂർത്തമായി ഈ സംഭവം മാറിക്കഴിഞ്ഞു.

ആലപ്പുഴ എസ്.എൽ. പുരത്തിന് സമീപത്തുവെച്ചാണ് യാത്രക്കാരിയായ പെൺകുട്ടി ഇറങ്ങിയത്. നേരം പാതിരാത്രി ആയിരുന്നു. ബസ് നിർത്തി പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ, ഡ്രൈവർ അരുൺകുമാറും കണ്ടക്ടർ സുനിലും കരുതലോടുകൂടി പെൺകുട്ടിയോട് ചോദിച്ചു: "വീട്ടിൽ നിന്ന് ആരെങ്കിലും വന്നിട്ടുണ്ടോ?".

​ഇല്ലെന്ന മറുപടി കേട്ടതോടെ പെൺകുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായ ജീവനക്കാർ, വീട്ടുകാർ വരുന്നത് വരെ വണ്ടി അവിടെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പോലും എതിർത്തില്ല; മറിച്ച് എല്ലാവരും ഒരേ മനസ്സോടെ ആ പെൺകുട്ടിക്കൊപ്പം നിലയുറപ്പിച്ചു. ബന്ധുക്കളെത്തുമെന്ന് ഉറപ്പായ ശേഷവും, അവർ എത്തുന്ന വാഹനത്തിന്റെ വെട്ടം ദൂരെ നിന്ന് കാണുന്നത് വരെ ബസ് അവിടെത്തന്നെ നിർത്തിയിട്ടു.



ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ഇന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് പത്തനംതിട്ടയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു. വൈറ്റില ഹബ്ബിൽ രാത്രി 9:15നു വരേണ്ട ബസ്സ്‌ എത്തിയപ്പോൾ പത്തര കഴിഞ്ഞിരുന്നു. മുമ്പും സമാന അനുഭവം ഉണ്ടായതിനാൽ നല്ല ദേഷ്യവും തോന്നി. വണ്ടിയിൽ കയറി. മുന്നിലെ ഡോറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു എന്റേത്. ആലപ്പുഴ, ചങ്ങനാശ്ശേരി വഴിയാണ് പോകുന്നത്. അരൂർ കഴിഞ്ഞതും ഒന്നു മയങ്ങാൻ തുടങ്ങിയപ്പോൾ വണ്ടിയിൽ പാട്ട് മുഴങ്ങി.. അതും 'ദേവദുന്ദുഭി..'! അതോടെ ഉറക്കം പോയി. പിന്നെ ഏഴു സ്വരങ്ങളും, ശ്രീലതികകളും.. എന്നു വേണ്ട എൺപതുകളിലെ ഹിറ്റുകൾ ഓരോന്നായി വന്നപ്പോൾ എന്റെ ഉറക്കം എങ്ങോട്ടോ പോയി. ചേർത്തലയും കഴിഞ്ഞ്, എസ്.എൽ.പുരവും പിന്നിട്ട് കുറെ ചെന്നപ്പോൾ മുൻസീറ്റിലിരുന്ന ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേറ്റു. അപ്പോൾ സമയം പന്ത്രണ്ടായിരുന്നു. ആ കുട്ടി ഇറങ്ങാൻ നേരം ഡ്രൈവർ ചോദിച്ചു

'വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ..?''

''ഇല്ല.. ഞാൻ വിളിക്കുവാ..''

എന്ന് കുട്ടി.

''ചേർത്തല കഴിഞ്ഞപ്പോ വിളിക്കാൻ മേലാരുന്നോ..?''

എന്ന് കണ്ടക്ടറും ചോദിക്കുന്നു. കുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുകയാണ്. അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലാണ് അവളുടെ വീട്. ഈ സമയം ഡ്രൈവർ ബസ്സ്‌ ഒതുക്കിനിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നുരണ്ട് KSRTC ജീവനക്കാരും മുൻസീറ്റിലുണ്ടായിരുന്നു. അവരും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

''അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..?

എന്നൊക്കെ പറയുന്നത് കേൾക്കാം. ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്.

ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും.. മനുഷ്യർ എന്ന നിലയിൽ ഏറെ വളർന്നുകഴിഞ്ഞ ഒരു നാടിന്റെ കഥയാണിത്..

സർവ്വീസ് - കോഴിക്കോട് - പത്തനംതിട്ട 

ബോണറ്റ് നമ്പർ - RPK 933 

ഡ്രൈവർ - അരുൺകുമാർ 

കണ്ടക്ടർ - സുനിൽ


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി