ഞാൻ തോറ്റു, പപ്പ ജയിച്ചു'; പിതാവിന്റെ അമിത നിയന്ത്രണം താങ്ങാനാവാതെ അഭിഭാഷകൻ ജീവനൊടുക്കി

 


പിതാവിന്റെ കടുത്ത നിയന്ത്രണങ്ങളും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ 23-കാരനായ അഭിഭാഷകൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. പ്രിയാൻഷു എന്ന യുവാവാണ് മരിച്ചത്. മരിക്കുന്നതിന് മുൻപ് പ്രിയാൻഷു എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയാവുകയാണ്.

കോടതി സമുച്ചയത്തിന്റെ അഞ്ചാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്ന പ്രിയാൻഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഭാഷകനായ പിതാവിന്റെ മകനാണ് പ്രിയാൻഷു.

തന്റെ ആത്മഹത്യാക്കുറിപ്പിൽ വളരെ ഗൗരവകരമായ കാര്യങ്ങളാണ് പ്രിയാൻഷു പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ അനുഭവിച്ച ദുരിതങ്ങൾ യുവാവ് കത്തിൽ വിശദീകരിക്കുന്നു. "ആറാം വയസ്സിൽ ഫ്രിഡ്ജിൽ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് എന്നെ നഗ്നനാക്കി വീടിന് പുറത്താക്കി. മാതാപിതാക്കൾ കുട്ടികളോട് കർക്കശക്കാരാകണം, എന്നാൽ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്," പ്രിയാൻഷു എഴുതി.

​തന്റെ താല്പര്യങ്ങൾ അവഗണിച്ച് പിതാവ് കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിർബന്ധിച്ചതും, ജീവിതത്തിലെ എല്ലാ കാര്യങ്ങളിലുമുള്ള അനാവശ്യ ഇടപെടലുകളും തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് കത്തിൽ വ്യക്തമാക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു തനിക്ക് ആഗ്രഹമെന്നും അദ്ദേഹം സൂചിപ്പിച്ചു.

  ​"എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്. ആർക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ," എന്ന വേദനിപ്പിക്കുന്ന വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.

മകന്റെ വേർപാടിൽ നടുങ്ങിയ പിതാവ് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതമായ രക്ഷാകർതൃത്വവും (Overparenting) അതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും സമൂഹത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കെ, പ്രിയാൻഷുവിന്റെ മരണം ഏവരിലും വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി