അവധി ആഘോഷം ചോരക്കളിയായി; വീട്ടുമുറ്റത്ത് പ്രവാസി അടിയേറ്റ് മരിച്ചു
അന്തിക്കാട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ മർദനമേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി സ്വദേശി തേറാട്ടിൽ വീട്ടിൽ രാജു ജോർജ് (52) ആണ് മരിച്ചത്. സംഭവത്തിൽ രാജുവിന്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിന്റോ ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രാജു ജോർജ് കഴിഞ്ഞ ശനിയാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ രാജുവിന്റെ വീട്ടിലായിരുന്നു സംഭവം.
രാജുവും പ്രിന്റോയും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് രാജുവിന്റെ വീടിന് പിന്നിലിരുന്ന് മദ്യപിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് നാലുപേർ പോയതിന് പിന്നാലെയാണ് രാജുവും പ്രിന്റോയും തമ്മിൽ തർക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മർദനത്തിനിടെ രാജുവിന് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
സംഘട്ടനത്തിനിടെയുണ്ടായ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജുവിനെ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയായ പ്രിന്റോയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട രാജു ജോർജിന്റെ ഭാര്യ സിജിയാണ്. മക്കൾ: ഹെൽന റോസ്, എൽന മറിയ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment