"പുഴയിൽ ഇറങ്ങരുത്! ഇരുവഴിഞ്ഞിയിൽ നീർനായയുടെ ക്രൂര ആക്രമണം; 9 വയസ്സുകാരനടക്കം മൂന്ന് പേർക്ക് പരിക്ക്.

 


മുക്കം: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയവർക്ക് നേരെ നീർനായയുടെ ആക്രമണം. കരിമ്പ് ഉന്നതിയിലെ തുമ്പോണ കടവിൽ കുളിക്കവെയാണ് കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റത്. ആക്രമണത്തിൽ മൂവർക്കും കാലിൽ ആഴത്തിൽ മുറിവേറ്റു.

കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തിൽ അനീഷിന്റെ മകൻ ആദിദേവ് (15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടിൽ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കടിയേറ്റ ഉടൻ തന്നെ ഇവരെ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കനത്ത വേനൽചൂടിൽ പ്രദേശത്തെ മിക്ക ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ, നാട്ടുകാർക്ക് കുളിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ഏക ആശ്രയമാണ് ഇരുവഴിഞ്ഞിപ്പുഴ. എന്നാൽ, നീർനായകളുടെ സാന്നിധ്യം വർധിച്ചതോടെ പുഴയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആശങ്ക പങ്കുവെക്കുന്നു.

​പുഴ സംരക്ഷണത്തിന്റെ ഭാഗമായി നേരത്തെ തുമ്പോണ കടവിലുണ്ടായിരുന്ന കുളിക്കടവ് തീരം പൊളിച്ചുമാറ്റിയിരുന്നു. ഇത് നാട്ടുകാരുടെ ബുദ്ധിമുട്ട് വർധിപ്പിച്ചിരിക്കുകയാണ്. കുളിക്കടവ് ഇല്ലാത്തതിനാൽ പുഴയിൽ സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.

ഇരുവഴിഞ്ഞിപ്പുഴയിലെ വിവിധ കടവുകളിൽ ഇതിനുമുമ്പും സമാനമായ രീതിയിൽ നീർനായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി