കാട്ടാനശല്യം: പെരുവണ്ണാമൂഴിയിൽ 20-ന് സർവകക്ഷി യോഗം
പെരുവണ്ണാമൂഴി: മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരമാർഗ്ഗങ്ങൾ തേടി ചക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം ചേരും. ഈ മാസം 20-ന് രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ് ഭാരവാഹികൾ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരമായി പ്രഖ്യാപിച്ച സോളാർ തൂക്കുവേലിയുടെ നിർമ്മാണ നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. അതുവരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ പട്രോളിങ് ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. പയ്യാനിക്കോട്ട ഭാഗത്ത് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
കാട്ടാന ചരിഞ്ഞതിനെത്തുടർന്ന് പ്രദേശത്തുണ്ടായ ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്. ഡി.എഫ്.ഒ എം. ജോഷിൽ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മൊയ്തി കോടേരി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വൽസൻ, ബാബു പള്ളിക്കൂടം, പി.സി. സുരാജൻ, കെ.കെ. ഷീബ എന്നിവർ പങ്കെടുത്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. 20-ന് നടക്കുന്ന വിപുലമായ യോഗത്തിൽ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രായോഗികമായ തീരുമാനങ്ങൾ കൈക്കൊള്ളാനാണ് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നീക്കം.

Comments
Post a Comment