കൂരാച്ചുണ്ടിന്റെ മണ്ണിൽ വോട്ടവകാശം വിനിയോഗിച്ച് തിരുവമ്പാടി മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർഥി സണ്ണി തോമസ് പാവോത്തിക്കുന്നേൽ
കൂരാച്ചുണ്ട്: തിരുവമ്പാടി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ട്വന്റി 20 മലബാർ മേഖല കോർഡിനേറ്ററുമായ സണ്ണി തോമസ് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 74-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലെത്തിയ അദ്ദേഹം വോട്ടർമാരോടും ഉദ്യോഗസ്ഥരോടും കുശലാന്വേഷണം നടത്തിയ ശേഷമാണ് പോളിംഗ് ബൂത്തിലേക്ക് കടന്നത്. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, നാടിന്റെ മാറ്റത്തിനായി ഓരോ വോട്ടും നിർണ്ണായകമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.
കൂരാച്ചുണ്ട് ഓഞ്ഞിൽ പാവോത്തിക്കുന്നേൽ കുടുംബാംഗമായ സണ്ണി തോമസ്, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. ട്വന്റി 20 പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം, ഇത്തവണ തിരുവമ്പാടി മണ്ഡലത്തിലെ വികസന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജനവിധി തേടുന്നത്.
സ്ഥാനാർത്ഥി വോട്ട് ചെയ്യാനെത്തിയത് പ്രവർത്തകർക്കിടയിലും വോട്ടർമാർക്കിടയിലും വലിയ ആവേശം സൃഷ്ടിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ ശേഷം അദ്ദേഹം വോട്ടെടുപ്പ് പുരോഗതി വിലയിരുത്തി.

Comments
Post a Comment