15 ലക്ഷം മുടക്കി ഭാര്യക്ക് ജോലി വാങ്ങി നൽകി; ഒടുവിൽ വഞ്ചന തിരിച്ചറിഞ്ഞ ഭർത്താവിന്റെ മാസ്റ്റർ പ്ലാൻ!
ജയ്പൂർ: ഭാര്യയ്ക്ക് റെയിൽവേയിൽ ജോലി ലഭിക്കാൻ വേണ്ടി നിയമവിരുദ്ധ മാർഗ്ഗങ്ങൾ സ്വീകരിച്ച ഭർത്താവ്, ഒടുവിൽ അതേ ഭാര്യയെത്തന്നെ കുടുക്കാൻ നിയമത്തിന്റെ വഴി തേടി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് തന്റെ ഭാര്യ ആശ മീണയ്‌ക്കെതിരെ തെളിവുസഹിതം പരാതിയുമായി രംഗത്തെത്തിയത്. റെയിൽവേയിലെ വൻ നിയമന അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നതാണ് മനീഷിന്റെ വെളിപ്പെടുത്തലുകൾ.
ഡമ്മി സ്ഥാനാർത്ഥിയെ വെച്ച് പരീക്ഷ എഴുതിയാണ് ആശയ്ക്ക് ജോലി സംഘടിപ്പിച്ചു നൽകിയത്. ഇതിനായി സ്വന്തം കൃഷിഭൂമി വരെ പണയപ്പെടുത്തിയാണ് മനീഷ് പണം കണ്ടെത്തിയത്.
ജോലി ലഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണു. ജോലിയിൽ പ്രവേശിച്ച ശേഷം ഭർത്താവിനെ 'തൊഴിലില്ലാത്തവൻ' എന്ന് വിളിച്ച് അപമാനിക്കുകയും, തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് ആശ മാറിത്താമസിക്കുകയുമായിരുന്നു. താൻ വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുത്തുകൊണ്ട് വാങ്ങിക്കൊടുത്ത ജോലിയിൽ സുരക്ഷിതയായ ശേഷം ഭാര്യ തന്നെ തള്ളിപ്പറഞ്ഞതിൽ മനംനൊന്താണ് മനീഷ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
ഭാര്യയുടെ സർക്കാർ ജോലി അഴിമതിയിലൂടെ ലഭിച്ചതാണെന്ന് തെളിയിക്കുന്ന കൃത്യമായ തെളിവുകൾ സഹിതമാണ് മനീഷ് അധികൃതർക്ക് പരാതി നൽകിയത്. ഇതോടെ റെയിൽവേ നിയമനത്തിലെ തട്ടിപ്പ് പുറത്താവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൈക്കൂലി വാങ്ങിയവർക്കും ഡമ്മി സ്ഥാനാർത്ഥിയായി പരീക്ഷ എഴുതിയവർക്കും എതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ഒരു കുടുംബത്തിന്റെ തകർച്ചയ്ക്കും വഞ്ചനയ്ക്കും ഒടുവിൽ വെളിച്ചത്തായ ഈ അഴിമതിക്കഥ ഇപ്പോൾ പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Comments
Post a Comment