മുഖത്തെ മുറിവുകൾ വെറും പാടുകളല്ല ; സ്വന്തം ശരീരം വെന്തെരിഞ്ഞും അവൻ പൊരുതി; എട്ടു കുരുന്നുകളെ മരണത്തിൽ നിന്ന് തിരികെ വിളിച്ച 11 വയസ്സുകാരൻ
ന്യൂഡൽഹി: മറ്റുള്ളവർ ജീവനും കൊണ്ട് ഓടിയപ്പോൾ, മരണത്തിന്റെ ചൂടിലേക്ക് എടുത്തുചാടിയ 11 വയസ്സുകാരൻ. ശരീരമാസകലം പൊള്ളലേറ്റു വികൃതമായ മുഖവുമായി ക്യാമറകൾക്ക് മുന്നിൽ നിന്നപ്പോൾ, അവൻ ഒരു പാഠപുസ്തകമായി മാറി. കത്തുന്ന തീനാളങ്ങൾക്കിടയിൽ നിന്ന് എട്ടു പിഞ്ചുമക്കളുടെ ജീവൻ രക്ഷിച്ച ഓം പ്രകാശ് യാദവ് എന്ന ബാലന്റെ കഥ, ധീരതയുടെ വലിയൊരു വീരഗാഥയാണ്.
അന്നൊരു സാധാരണ സ്കൂൾ ദിവസമായിരുന്നു. കുട്ടികളുമായി സ്കൂളിലേക്ക് കുതിക്കുകയായിരുന്ന മാരുതി വാനിൽ പെട്ടെന്നാണ് തീപിടിച്ചത്. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഉള്ളിലുണ്ടായിരുന്ന കുഞ്ഞുങ്ങളുടെ നിലവിളികൊണ്ട് അന്തരീക്ഷം ഭയഭീതമായി. ഭയന്ന് വിറച്ച നാട്ടുകാരും വഴിയാത്രക്കാരും ജീവൻ രക്ഷിക്കാൻ ഒരിടത്തേക്ക് ഓടിയപ്പോൾ, 11 വയസ്സുകാരനായ ഓം പ്രകാശ് മാത്രം അവിടെത്തന്നെ നിന്നു.
കണ്ണുമുമ്പിൽ ആളിപ്പടരുന്ന തീയുടെ ചൂടോ, മരണത്തിന്റെ ഭയാനകമായ മുഖമോ അവനെ ഒട്ടും ഭയപ്പെടുത്തിയില്ല. വാനിൽ കുടുങ്ങിപ്പോയ കൂട്ടുകാരുടെ നിലവിളി മാത്രമായിരുന്നു അവന്റെ കാതുകളിൽ മുഴങ്ങിയിരുന്നത്.
ഒരു നിമിഷം പോലും പാഴാക്കാതെ, സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ അവൻ ആ അഗ്നിയിലേക്ക് എടുത്തുചാടി. കത്തുന്ന വാനിന്റെ വാതിൽ ആവുന്നത്ര ശക്തിയോടെ അവൻ വലിച്ചുതുറന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ ഓരോ കുഞ്ഞിനെയും അവൻ ഓരോരുത്തരെയായി പുറത്തെത്തിച്ചു. അന്ന് എട്ടു കുട്ടികളുടെ ജീവനാണ് ആ ബാലൻ മരണത്തിന്റെ വക്കിൽ നിന്ന് തിരികെ പിടിച്ചു നൽകിയത്.
എന്നാൽ, ആ വീരകൃത്യത്തിന് ഓം പ്രകാശ് നൽകേണ്ടി വന്നത് വലിയൊരു വിലയായിരുന്നു. ആളിപ്പടർന്ന തീ അവന്റെ മുഖത്തും ശരീരത്തും ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിച്ചു. മുഖത്തിന്റെ പാതിയും വെന്തുപോയി. മാസങ്ങൾക്ക് ശേഷം, രാജ്യം അവനെ ധീരതക്കുള്ള പുരസ്‌കാരം നൽകി ആദരിക്കാൻ വിളിച്ചപ്പോൾ അവൻ ക്യാമറകൾക്ക് മുന്നിൽ തലയുയർത്തിത്തന്നെ നിന്നു.
അവൻ തന്റെ മുഖം മറച്ചുവെക്കാൻ ശ്രമിച്ചില്ല. അവനെ നോക്കി വിസ്മയത്തോടെയും സഹതാപത്തോടെയും ആളുകൾ നോക്കിനിന്നു. എന്നാൽ ആ മുഖത്തെ പാടുകൾ വികൃതമായ ഒന്നായിരുന്നില്ല, മറിച്ച് അവൻ രക്ഷിച്ച എട്ടു ജീവനുകളുടെ സാക്ഷ്യപത്രങ്ങളാണെന്ന് ലോകം തിരിച്ചറിഞ്ഞു. സ്വയം ഉരുകിത്തീരുമ്പോഴും താൻ രക്ഷിച്ചവരുടെ ചിരിയിൽ താനൊരു മഹാപുരുഷനായി മാറുകയായിരുന്നു എന്ന് ഓം പ്രകാശ് അന്ന് തെളിയിച്ചു.
ഭയത്തെ അതിജീവിച്ച്, മറ്റൊരു ജീവന് വേണ്ടി സ്വന്തം ശരീരം പോലും ബലിനൽകാൻ തയ്യാറായ ഈ 11 വയസ്സുകാരൻ, വരുംതലമുറകൾക്ക് എന്നും ഒരു വലിയ പാഠമായിരിക്കും.

Comments
Post a Comment