കരാട്ടെ വേഷത്തിൽ വിടപറഞ്ഞു; അഞ്ചലിൽ 11-കാരിയുടെ മരണം നാടിന് നൊമ്പരമായി
അഞ്ചൽ: കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകൾ അഹന്ന (11) ആണ് മരിച്ചത്. വ്യാഴാഴ്ച അഞ്ചലിലെ കരാട്ടെ സെന്ററിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.
പതിവുപോലെ വൈകുന്നേരം കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനം നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തളർന്നു വീഴുകയുമായിരുന്നു. ഉടൻ തന്നെ പരിശീലകരും കൂടെയുണ്ടായിരുന്നവരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ അഹന്നയുടെ വിയോഗം വാളകം പ്രദേശത്തെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment