വണ്ടി കാശ് ലഭിക്കാൻ സൈക്കിളിൽ പോയി, തലേന്നത്തെ ചോറും മീൻകറിയും കഴിച്ച് ആ കാശും ലാഭിച്ചു മകളുടെ IAS സ്വപ്നങ്ങൾക്ക് ചിറകേകിയ ഒരച്ഛൻ



ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടപൊരുതി ജയിച്ച ഒരു കുടുംബത്തിന്റെ ഒറ്റകെട്ടായുള്ള വിജയമാണ്. യുപിഎസ്‌സി പരീക്ഷയിൽ 57-ാം റാങ്ക് നേടിയ ശ്രീജ ജെ.എസിന്റെ വിജയകഥ. ഒരു അച്ഛൻ മനസ്സുവെച്ചാൽ, സ്വന്തം സുഖങ്ങൾ വേണ്ടെന്ന് വെച്ച് മക്കൾക്കായി ജീവിക്കാൻ തീരുമാനിച്ചാൽ ഏതൊരു സാധാരണ കുടുംബത്തിലെ കുഞ്ഞിനും ഈ രാജ്യത്തിന്റെ നെറുകയിൽ എത്തുമെന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.


ജോലിക്ക് പോകുമ്പോൾ ബസ് കൂലി ലാഭിക്കാൻ വേണ്ടി കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പോയി ആ അച്ഛൻ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള പണം ലാഭിക്കാൻ തലേദിവസത്തെ ചോറും മീൻകറിയും രസവും പാത്രത്തിലാക്കി കൊണ്ടുപോകും. ഇങ്ങനെ ലാഭിക്കുന്ന ഓരോ രൂപയും തന്റെ മകളുടെ പഠനത്തിന് ഉപകരിക്കുമെന്ന വലിയ ചിന്തയായിരുന്നു ആ അച്ഛനെ നയിച്ചിരുന്നത്. തനിക്ക് കിട്ടുന്ന ഓരോ തുട്ടുപൈസയും അദ്ദേഹം വിശ്വസിച്ച് ഏൽപ്പിച്ചത് തന്റെ ഭാര്യയെയായിരുന്നു. 


ആ അമ്മയാകട്ടെ ശ്വാസംമുട്ടൽ അലട്ടുമ്പോഴും കുടുംബശ്രീയിൽ പോയും മറ്റ് ചെറിയ ജോലികൾ ചെയ്തും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മരുന്നിനുള്ള പണം പോലും മാറ്റിവെച്ച് മകളുടെ സ്വപ്നങ്ങൾക്ക് ചിറകേകി. ശ്രീജ ഇന്റർവ്യൂവിന് പോകാൻ നിൽക്കുമ്പോൾ അച്ഛന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് വെറും 200 രൂപ മാത്രമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആ നിമിഷം അനിയൻ വന്ന് 500 രൂപ കയ്യിൽ കൊടുത്തപ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കാണണം. പള്ളിയിൽ നിന്നും അളിയന്മാരിൽ നിന്നും ലഭിച്ച ചെറിയ സഹായങ്ങൾ പോലും കൂട്ടിചേർത്താണ് ആ കുടുംബം ശ്രീജയെ ഡൽഹിയിലേക്ക് അയച്ചത്. 


ദാരിദ്ര്യം ഒരു കുറവാണെന്ന് കരുതി തളർന്നിരിക്കാതെ, സാഹചര്യങ്ങളെ പഴിക്കാതെ പോരാടിയ ഈ കുടുംബം ഇന്ന് ലോകത്തിന് മാതൃകയാണ്. കള്ളുകുടിച്ച് മക്കളെയും കുടുംബത്തെയും നശിപ്പിക്കുകയും "നമ്മളെക്കൊണ്ട് ഇതൊന്നും പറ്റില്ല" എന്ന് പറഞ്ഞ് വിധിക്ക് കീഴടങ്ങുകയും ചെയ്യുന്നവർ ഈ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് ഒന്ന് നോക്കണം. ഒരു ലക്ഷ്യമുണ്ടെങ്കിൽ, അത് നേടിയെടുക്കാൻ കൂടെ നിൽക്കാൻ ഒരു കുടുംബമുണ്ടെങ്കിൽ ആകാശത്തോളം ഉയരത്തിൽ പറക്കാൻ ഏത് സാധാരണക്കാരനും സാധിക്കുമെന്ന് ശ്രീജയും കുടുംബവും തെളിയിച്ചു കഴിഞ്ഞു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി